ന്യൂഡെൽഹി: നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ നിർഭയയുടെ കുടുംബത്തിന് ശക്തി പകർന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഏഴുവർഷവും മൂന്നുമാസവും നീണ്ട നിയമപോരാട്ടത്തിന് ആരും അറിയാത്ത ശക്തമായ പിന്തുണയാണ് രാഹുൽ ഗാന്ധി നൽകിയത്. വൈകാരിക പിന്തുണമാത്രമായിരുന്നില്ല, സാമ്പത്തികമായും കുടുംബത്തിന് കൈത്താങ്ങായതും രാഹുലാണ്.പക്ഷേ നിർഭയയുടെ വീട്ടുകാർക്കൊപ്പം താനുണ്ടെന്ന് രാഹുൽ ഒരു ഘട്ടത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയോ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയോ ചെയ്തില്ല. നിർഭയയുടെ മാതാപിതാക്കൾക്കൊപ്പം നിശബ്ദ സാന്നിധ്യമായി അവരുടെ പോരാട്ടവീര്യത്തിന് ഊർജം പകർന്നു.

ഞങ്ങൾക്കൊപ്പം എല്ലായ്പ്പോഴും നിന്ന് ഞങ്ങളെ പരിപാലിച്ചത് ഗാന്ധിയാണ്. ഞങ്ങളോട് അക്കാര്യം രഹസ്യമായി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.- ഐഎഎൻഎസിനോട് 2017ൽ നിർഭയയുടെ പിതാവ് ബദ്രിനാഥ് പറഞ്ഞിരുന്നു.

‘ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടാണ് ആ സംഭവം മനസ്സിൽ ഏൽപ്പിച്ചത്. അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ രാഹുൽ ഞങ്ങൾക്ക് മുന്നിലെത്തുന്നത്. രാഷ്ട്രീയം എന്തായാലും അദ്ദേഹം ഞങ്ങൾക്ക് ദേവദൂതനായിരുന്നു.’ സഹോദരിക്കുണ്ടായ ദുരനുഭവത്തിൽ തളർന്നുപോയ അവളുടെ സഹോദരന് രാഹുൽ കൗൺസിലിങ് നൽകി. പൈലറ്റ് പരിശീലനത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തു നൽകി – ബദ്രിനാഥ് അന്ന് ഒരു പിതാവിന്റെ സ്നേഹത്തോടെ ഓർത്തു.

‘ഇന്ന് എന്റെ മകൻ പൈലറ്റാണ് അത് സാധ്യമായത് രാഹുൽ ഉണ്ടായതുകൊണ്ടാണ്. എനിക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല, രാഹുൽ ഗാന്ധി ഞങ്ങളെ സമീപിച്ചതും രാഷ്ട്രീയ അജണ്ടകളുമായല്ല. അദ്ദേഹം ഞങ്ങളെ സഹായിച്ചെന്ന സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

രാഷ്ട്രീയത്തിന് വേണ്ടിയല്ല താനിതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയരുതെന്ന് ഞങ്ങളോട് പലതവണ അദ്ദേഹം നിർദേശിച്ചിരുന്നു. അത് മനുഷ്യത്വമാണ് രാഷ്ട്രീയമല്ല. – ബദ്രിനാഥ് പറയുന്നു.

2012 ഡിസംബർ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൂട്ടമാനഭംഗം നടന്നത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി പെൺകുട്ടിയെ ഓടുന്ന ബസിൽ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മാരകമായ മുറിവുകളേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടിക്ക് സിംഗപ്പൂരിൽ വിദഗ്ധ ചികിൽസ നൽകിയെങ്കിലും ഡിസംബർ 29 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിർഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവർഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ ഇന്ന് നടപ്പായത്.