കാസർകോഡ് ഒരാൾക്ക് കൊറോണ: 31173 പേര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്ക് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25 ആയി. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237 പേരാണ് ആശുപത്രിയിലുള്ളത്. പുതുതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കി. 2921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2342 എണ്ണം രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നി ദ്ധ്യത്തിൽ ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.