ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധാനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായി മത-സാമുദായിക നേതാക്കൾ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാർ എടുക്കുന്ന എല്ലാ മുൻകരുതൽ നടപടികളുമായി സഹകരിക്കുമെന്ന് മതനേതാക്കൾ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മതപരമായ ചടങ്ങുകൾ, പ്രാർത്ഥനകൾ തുടങ്ങിയ പരിപാടികളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടാവുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അത്തരം ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കണമെന്നാണ് പൊതുഅഭിപ്രായം. ഇത്തരം പരിപാടികൾ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം. ഈ അഭിപ്രായത്തെ മതനേതാക്കൾ പിന്തുണച്ചു. എല്ലാ ഉത്സവങ്ങളും മറ്റ് പരിപാടികളും പരിമിതപ്പെടുത്തേണ്ടതായി വരും.

എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. രോഗം പടരുന്ന സ്ഥിതി ഉണ്ടായാൽ ഗുരുതര പ്രത്യാഘാതമാവും ഉണ്ടാവുക.

വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ മാതൃകാപരമായ ഇടപെടലുകളാണ് നേരത്തെ തന്നെ ആരംഭിച്ചത്. പത്തിലധികം ആളുകൾ ഒരു ആരാധനാലയത്തിലും വേണ്ടെന്നാണ് അവിടുത്തെ മതസംഘടനകളുടെ തീരുമാനം.

പലയിടത്തും ഉത്സവങ്ങൾ, പെരുന്നാൾ, തുടങ്ങിയ ചടങ്ങുകൾ ഇതിനോടകം നിയന്ത്രിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ജനപങ്കാളിത്തം കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ ഉറപ്പ് നൽകി. ആൾക്കൂട്ടത്തിൽ ചേരുന്നത് ഒഴിവാക്കണമെന്നാണ് ജനങ്ങളോടും സർക്കാരിന് നിർദേശിക്കാനുള്ളത്.

ആരാധനാലയങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കാനായി കെ.സി.ബി.സി സർക്കുലർ ഇറക്കി. കോഴിക്കോട് പട്ടാളപ്പളളിയിൽ വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരം നിർത്തിവെയ്ക്കാനും കൂട്ടനമസ്കാരങ്ങൾ നിയന്ത്രിക്കാനും ബന്ധപ്പെട്ടവർ സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.