തിരുവനന്തപുരം: ഒരു വിൽപ്പനശാലയിൽ ഒരു സമയം 25-30 ആളുകളിൽ കൂടുതൽ അനുവദിക്കരുതെന്ന് വ്യക്തമാക്കി ബെവ്കോ സർക്കുലർ.
ജീവനക്കാർ ഉപഭോക്താക്കളെ മാസ്ക് ധരിക്കാനും ക്യൂവിൽ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ക്യൂ ഒഴിവാക്കാൻ കഴിയാവുന്നത്ര കൗണ്ടറുകൾ തുറക്കണമെന്ന് ബെവ്കോ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് സർക്കുലറിൽ പറയുന്നു.
ആൾക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്താൻ സെക്യൂരിറ്റിയെ നിയമിക്കണം. ജീവനക്കാർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ബെവ്കോ എം.ഡി ഡി സ്പർജൻ കുമാറാണ് സർക്കുലർ ഇറക്കിയത്.
നിലവിലെ സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലറ്റുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശമദ്യ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനം. കൗണ്ടറുകൾ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാൽ ഇപ്പോൾ ബിവറേജ് ഔട്ട്ലെറ്റുകളിൽ പഴയപോലെ വലിയ തിരക്കോ ക്യൂവോ ഇല്ല. ക്യൂ ഉള്ള സ്ഥലങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം സ്പർശനം വരാതെ നിൽക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.