നിരീക്ഷണത്തിനിടെ പുറത്തിറങ്ങി അപകടത്തിൽപ്പെട്ടയാൾക്ക് കൊറോണയില്ല

കൊല്ലം: നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി അപകടത്തിൽപ്പെട്ടയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഗുരുതരമായി പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും കൊറോണവൈറസ് നിരീക്ഷണത്തിലാണ് ഇദ്ദേഹമെന്ന് ഡോക്ടർമാരെ അറിയിച്ചില്ല. നിർദേശം അവഗണിച്ച് പുറത്തിറങ്ങിയയാളാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് ഈ വിവരമറിഞ്ഞപ്പോൾ ഡോക്ടർമാരും ജീവനക്കാരുമുൾപ്പടെ 50 പേരെ നിരീക്ഷണത്തിലാക്കേണ്ടി വന്നിരുന്നു.
പത്ത് ദിവസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ആളാണ് ഭാര്യക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ കൊല്ലം പള്ളിമുക്കില്‍ വാഹനാപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആംബുലൻസിലാണ് ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവിടെ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. അര്‍ധരാത്രി 12 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ- അത്യാഹിതവിഭാഗത്തിലെത്തിയ ഇയാള്‍ക്ക് ശ്വാസകോശത്തില്‍ ട്യൂബിടുന്നതടക്കം ചികിത്സ നല്‍കി. ശസ്ത്രക്രിയ, ഇഎൻടി, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം സിടി സ്കാനിനും വിധേയനാക്കി. വാര്‍ഡിലും ഓപ്പറേഷൻ തിയറ്ററിലും കൊണ്ടുപോയി. ഇതിനെല്ലാം ശേഷമാണ് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളാണ് രോഗി എന്നറിയുന്നത്.

ഇദ്ദേഹത്തെ അപകടത്തിൽപ്പെട്ടപ്പോൾ എടുത്ത് ആശുപത്രിയിലാക്കിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയ ജില്ലാ ഭരണകൂടം, കാഷ്വാലിറ്റിയിലേക്ക് എത്തിച്ച സെക്യൂരിറ്റി, പരിശോധിച്ച ഹൗസ് സർജൻമാർ, നഴ്‍സ്മാർ, മെഡിക്കൽ സ്റ്റാഫ്, രണ്ട് മെഡിക്കൽ കോളേജുകളിലുമുള്ള ഡോക്ടർമാർ എന്നിവരോടാണ് അടിയന്തരമായി നിരീക്ഷണത്തിൽ പോകാനും ജോലിയിൽ നിന്ന് മാറിനിൽക്കാനും നിർദേശിച്ചത്. ഇദ്ദേഹത്തിന്‍റെ ഫലം പോസിറ്റീവായെങ്കിൽ, ഇത്രയധികം പേരെ ജോലിയിൽ നിന്ന് മാറ്റി നിർത്തേണ്ടി വന്നേനെ. അടിയന്തരസാഹചര്യത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇത് സൃഷ്ടിക്കുമായിരുന്നത് ചെറിയ ബുദ്ധിമുട്ടാകില്ല. രോഗിയെ കൊവിഡ് 19-ന്‍റെ ഭാഗമായി തയാറാക്കിയ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്സുമാരേയും സെക്യൂരിറ്റി അടക്കം മറ്റ് ജീവനക്കാരേയും നിരീക്ഷണത്തിലാക്കി. ഇയാളെ ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ച പൊലീസുകാരും ആംബുലൻസ് ജീവനക്കാരും നിരീക്ഷണത്തിലായിരുന്നു.