ചികിത്സയിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തി കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി.കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന മൂന്നു വയസ്സുകാരന്റെ മാതാപിതാക്കൾക്കാണ് കൊറോണയുണ്ടെന്ന് ഉറപ്പായത്. ഇവരുടെ ആരോഗ്യനില തൃപ്തകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.
പത്തനംതിട്ടയിൽ 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. ഇന്ന് 8 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് 980 പേരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ 815 പേരുടെ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ള ഫലങ്ങൾ കാത്തിരിക്കുകയാണ്.
സംസ്ഥാനത്ത് നിലവിൽ 1495 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 259 പേർ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലുമാണുള്ളത്. സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത് കൊറോണ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായാണെന്നും .പൊതുജനങ്ങൾ സഹകരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം ഇനിയും കാര്യങ്ങൾ കൂടുതൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും വിവരങ്ങൾ ലഭ്യമാക്കാൻ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഈ കാര്യങ്ങളിൽ ആശങ്ക വേണ്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.