തിരുവനന്തപുരം: കുട്ടനാട് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ യുഡിഎഫിൽ ധാരണയായി. കേരളാ കോൺഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളുമായി യുഡിഎഫ്, കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ഏകദേശ ധാരണയത്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടാകും.
സീറ്റ് തങ്ങളുടേതാണെന്ന് അംഗീകരിക്കണമെന്ന ഡിമാന്റാണ് കേരളാ കോൺഗ്രസിലെ ഇരുവിഭാഗവും ചർച്ചയിൽ ഉന്നയിച്ചത്. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
കുട്ടനാട് തങ്ങളുടെ സീറ്റാണെന്ന് യുഡിഎഫ് അംഗീകരിച്ചതായി പി.ജെ.ജോസഫ് അവകാശപ്പെട്ടു. കുട്ടനാട് സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച പൂർത്തിയായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനമുണ്ടാകില്ലെന്ന നിലപാടിലാണ് ജോസ് കെ. മാണി.
ഇരു കേരളാ കോൺഗ്രസുകളും തമ്മിൽ ഏറ്റുമുട്ടിയാൽ നിലവിലെ സാഹചര്യത്തിൽ കുട്ടനാട്ടിൽ പാലാ ആവർത്തിക്കുമെന്ന വിലയിരുത്തലാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.