നന്മയുടെ ശേഷിപ്പ് ബാക്കിയാക്കി ഗിരീഷും ബൈജുവും മടങ്ങി

എറണാകുളം: അവിനാശിയിലെ വാഹനാപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ടി.ഡി. ഗിരീഷും, കണ്ടക്ടർ ബൈജുവും യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നന്മ നിറഞ്ഞ ഓർമകളേ മലയാളികൾക്കും സഹപ്രവർത്തകർക്കും ഇവരെക്കുറിച്ചുള്ളു. അതുകൊണ്ടു കൂടിയാണ് കെ എസ് ആർ ടി സി മികച്ച സേവനത്തിന് ഇവരെ അനുമോദിച്ചതും.
ദീർഘ നാളായി ഇരുവരും കെ എസ് ആർ ടി സി യുടെ ബാംഗ്ലൂർ ബസിലാണ് സേവനമനുഷ്ടിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് ആർക്കും ധൈര്യമായി ഇവരെ സമീപിക്കാമായിരുന്നു.
യാത്രക്കിടെ രോഗ ബാധിതയായ ഡോക്ടറെ ആശുപത്രിലാക്കി ജീവൻ രക്ഷിച്ചതിനാണ് 2018-ൽ
കെ എസ് ആർ ടി സി എംഡി ടോമിൻ ജെ തച്ചങ്കരി ബൈജുവിനെയും ഗിരീഷിനെയും അഭിനന്ദിച്ചത്.
രണ്ടു വർഷം മുമ്പ് ജൂണിലുണ്ടായ സംഭവം സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. എറണാകുളം കെ എസ് ആർ ടി സി ഫെയ്സ് ബുക്കിൽ ബൈജുവിനെയും ഗിരീഷിനെയും ഏറെ അഭിമാനത്തോടെയാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
സംഭവം ഇങ്ങനെ;

https://www.facebook.com/KSRTCErnakulam07/posts/1039520109550161

ബാംഗ്ലൂർ യാത്രക്കിടെ തൃശ്ശൂരിൽ നിന്ന് കയറിയ ഡോക്ടർ കവിത വാര്യർ എന്ന യുവതിക്ക് അപസ്മാര ബാധയുണ്ടായി. യാത്രക്കാർ വിവരം അറിയിച്ചപ്പോൾ ബസ് ജീവനക്കാരായ ഇവർ
താക്കോൽ നൽകി വിറവലും ബോധക്ഷയവുമകറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ബാംഗ്ലൂരിലേക്കുള്ള ബസ് ആശുപത്രിക്കായി തിരച്ചിലായി.പിന്നീട് ഹൊസൂരിലേക്ക് വണ്ടി തിരികെ ഓടി. തുടർന്ന് ഡോക്ടർ കവിതയെ ഹൊസൂരെ ജനനി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ബൈജുവും ഗിരീഷുമാണ്.
അഡ്മിറ്റ് ചെയ്യാൻ പണം മുൻകൂറായി കെട്ടിവെക്കണമായിരുന്നു. നിസാഹയായ കവിതയുടെ രോഗവാസ്ഥ മനസിലാക്കിയ ഇവർ യാതക്കാരെ പോലും ആശ്രയിക്കാതെ മേലുദ്യോഗസ്ഥനിൽ നിന്ന് അനുമതി വാങ്ങി കളക്ഷൻ പണം ആശുപത്രിയിൽ അടയ്ക്കുകയായിരുന്നു. ഒരാൾ കൂടെ ഒരാൾ നിൽക്കണമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ ആശുപത്രിയിൽ കവിതക്ക് കൂട്ടുനിന്നത്. ഗിരീഷാകട്ടെ യാത്രക്കാരുമായി ബാഗ്ലൂരിലേക്ക് തിരിച്ചു.
തുടർന്ന് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ജീവനക്കാരുടെ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കെ.എസ്.ആർ.ടി.സി എംഡി ടോമിൻ തച്ചങ്കരിയുടെ അഭിനന്ദനക്കത്ത് ഇവർക്ക് ലഭിച്ചത്.
ഇക്കഴിഞ്ഞ പ്രളയകാലത്ത് ബെഗംളുരിവിലെ മലയാളികൾക്ക് സഹായമെത്തിക്കാനും ഗിരീഷും ബൈജുവും സജീവമാകുണ്ടായിരുന്നു. ഇരുവരുടെയും അകാല വേർപാട് നെഞ്ചിലൊരു നീറ്റലാണ് ഇവരെ അറിയുന്ന മലയാളികൾക്കെല്ലാം.