നെടുങ്കണ്ടം കസ്റ്റഡി മരണം; അഞ്ച് പോലീസുകാര്‍ അറസ്റ്റില്‍

കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ അഞ്ചു പോലീസുകാരടക്കം ആറുപേർ കൂടി അറസ്റ്റിൽ. അഞ്ചുപോലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി. റജിമോൻ(എ.എസ്.ഐ), എസ്. നിയാസ്(സിവിൽ പോലീസ് ഓഫീസർ), സജീവ് ആന്റണി(സിവിൽ പോലീസ് ഓഫീസർ), കെ.എം. ജെയിംസ് (ഹോം ഗാർഡ്), ജിതിൻ കെ. ജോർജ് (സിവിൽ പോലീസ് ഓഫീസർ),റോയ് പി. വർഗീസ്(എ.എസ്.ഐ) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിലെ മുഖ്യപ്രതി എസ്.ഐ. സാബുവിനെ ഇന്നലെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നായിരുന്നു സാബുവിന്റെ അറസ്റ്റ്. ഇന്ന് അറസ്റ്റിലായവരെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സി.ബി.ഐ.നീക്കം.

കേസുമായി ബന്ധപ്പെട്ട് എസ്.ഐ. സാബുവിന്റെ മുൻകൂർ ജാമ്യം മാത്രമാണ് സുപ്രീം കോടതി കഴിഞ്ഞദിവസം റദ്ദാക്കിയത്. തുടർന്ന് മറ്റു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ കോടതികളെ സമീപിക്കാൻ സി.ബി.ഐ. ഒരുങ്ങുകയായിരുന്നു. എന്നാൽ സാബുവിന്റെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ മറ്റുപ്രതികളുടെ കാര്യം കൂടി പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ അറസ്റ്റ്.

കേസിൽ ഉന്നതോദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ സാബു സമ്മതിച്ചിരുന്നു. ഇന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണായ വിവരങ്ങൾ ലഭിക്കുമെന്നാണ് സി.ബി.ഐയുടെ പ്രതീക്ഷ.