അലന് പരീക്ഷ എഴുതാന്‍ അനുമതി

കണ്ണൂർ: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാർഥി അലൻ ഷുഹൈബിന് എൽ.എൽ.ബി പരീക്ഷ എഴുതാൻ സർവകലാശാലയുടെ അനുമതി. അലന് സർവകലാശാല അനുമതി നൽകിയാൽ പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പരീക്ഷ എഴുതാൻ അനുമതി തേടിക്കൊണ്ട് അലൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഹൈക്കോടതി കണ്ണൂർ സർവകലാശയുടെ വിദശീകരണം തേടിയത്.

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലൻ കോടതിയെ സമീപിച്ചത്. ‘മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. എന്നാൽ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുവാൻ അവസരം വേണം. ഒരു വിദ്യാർത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നൽകണം’ എന്നാണ് അലൻ ഹർജിയിൽ പറഞ്ഞിരുന്നത്.

അതിനിടെ അലനെതിരേ സിപിഎം സംസ്ഥാന നിലപാട് കടുപ്പിച്ചതോടെ പ്രാദേശിക നേതൃത്വം വെട്ടിലായിരിക്കയാണ്.