തിരുവനന്തപുരം: മലയാളികളുടെ പേരിൽ ലോക കേരള സഭയ്ക്കായി സർക്കാർ ധൂർത്തടിച്ചത് ലക്ഷങ്ങൾ. സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ലോക കേരള സഭ യുഡിഎഫ് വിമർശിച്ചതു പോലെ ധൂർത്തിന്റെ മാമാങ്കമായിരുന്നെന്ന് പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി ഒന്നു മുതൽ മൂന്നു വരെ നടന്ന സഭയിൽ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചെന്ന് കണക്കുകൾ പറയുന്നു.
പുത്തൻ കേരളം കെട്ടിപ്പടുക്കാൻ വിദേശ നിക്ഷേപവും പുതിയ സംരഭങ്ങളും തുടങ്ങാൻ മലയാളികൾക്ക് പ്രോൽസാഹനമേകാനാണ് വൻധൂർത്ത്. വിവാരകാ ശനിയമപ്രകാരം പുറത്തു വന്ന കണക്കിലാണ് മലയാളികൾക്കായി വാരിക്കോരി പണം ചെലവഴിച്ചത് വെളിച്ചത്തു വന്നത്.
വിദേശത്തുനിന്ന് എത്തിയ 178 പ്രതിനിധികൾക്ക് പുറമെ ഭരണപക്ഷ എംപിമാർ ,എം എൽ എമാർ എന്നിവരാണ് സഭയിൽ പങ്കെടുത്തത്. പങ്കെടുത്തവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഭക്ഷണത്തിനു വേണ്ടി മൂന്നുദിവസത്തേക്ക് അറുപതുലക്ഷത്തോളം രൂപ ചിലവാക്കിയിട്ടുണ്ട്.താമസത്തിന് 23ലക്ഷം രൂപയും ചിലവഴിച്ചു. ജനുവരി 1 മുതൽ 3 വരെയായിരുന്നു സഭയെങ്കിലും പ്രതിനിധികളിൽ ചിലർ 31 ന് എത്തി. കുറെയധികം പ്രതിനിധികൾ മടങ്ങിയത് നാലാം തിയതിയും. മൂന്നു ദിവസത്തെ പരിപാടിക്ക് അഞ്ചു ദിവസത്തെ ചെലവുചെയ്യലായി മാറി.
ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ് തുക. 700പേർക്കാണ് ഈ നിരക്കിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തിയത്. 600 പേർക്ക് അത്താഴവും 400 പേർക്ക് പ്രഭാതഭക്ഷണവും ഈ നിരക്കിൽ ഒരുക്കിയിരുന്നു.കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഭക്ഷണം എത്തിച്ചതിനാലാണ് തുക ഇത്ര ഉയർന്നതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ആദ്യം ഭക്ഷണത്തിന് തുക ഇതിലും കൂടുതലായിരുന്നു.ഉന്നതാധികാര സമിതിയുമായി ധാരണയിലെത്തി നിരത്തിലാണ് ഇപ്പോഴത്തെ നിരക്ക് ഈടാക്കിയത്. 59,82,600 രൂപയാണ് ഭക്ഷണത്തിനായി ആകെ ചെലവായത്.
സർക്കാർ ഗസ്റ്റ് ഹൗസുകൾ,മാസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പ്രതിനിധികൾക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നത്. താമസത്തിനായി ചെലവായത് 23,42,725 രൂപയാണ്.
കൂടാതെ ഡ്രൈവർമാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്. ഇതും കൂടി ചേർത്താൽ സൽക്കാര ചെലവ് മാത്രം 87.5 ലക്ഷം രൂപയാകും.
ലോക കേരള സഭ ധൂർത്താണെന്ന് ആദ്യമേ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഏകപക്ഷീയമായി ഇതു നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു.