ബഹ്റയെ തള്ളാതെ റിപ്പോർട്ട് നേരിടാൻ സിപിഎം

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ ക്രമക്കേട് കാട്ടിയെന്ന സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അത് അവഗണിക്കാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായിരുന്നു സിപിഎം ധാരണ. സിഎജി റിപ്പോർട്ടിന്റെ പതിവ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകട്ടെയെന്നാണ് സിപിഎം നിലപാട്.ഇതിനെ ഫലപ്രദമായി മുഖ്യമന്ത്രി നേരിടട്ടെയെന്നും അഭിപ്രായമുണ്ടായി. സിഎജി റിപ്പോർട്ട് സംബന്ധിച്ച വിശദമായ ചർച്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായില്ല.
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം നിലപാട്. റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപുതന്നെ ഇതിന്റെ പ്രസക്ത ഭാഗങ്ങൾ യുഡിഎഫിന് ലഭിച്ചിരുന്നു. സിഎജിക്ക് കോൺഗ്രസ് രാഷ്ട്രീയപക്ഷപാതമുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്.
ബുള്ളറ്റ് പ്രൂഫ് കാറു വാങ്ങിയത് ഒഴികെയുള്ള പ്രശ്നങ്ങളൊന്നും എൽഡിഎഫിന്റെ കാലത്തേതല്ല. വെടിയുണ്ട കാണാതായത് 2013 മുതലുള്ള കാലത്താണ്. മാത്രമല്ല, 2015 നവംബർ 27ന് അന്നത്തെ ഡിജിപിയായിരുന്ന ടിപി സെൻകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ വെടിയുണ്ട കാണാതായ സംഭവത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാഷ്ട്രീയമുണ്ടെന്ന് സിപിഎം കരുതുന്നത്.
വിവാദത്തിൽ രാഷ്ട്രീയമുള്ളതുകൊണ്ടുതന്നെ റിപ്പോർട്ടിനെ കാര്യമായി പരിഗണിക്കേണ്ടതില്ല. പാർട്ടി നേതൃത്വം വിഷയത്തിൽ പ്രതികരിച്ച് വിവാദം വലുതാക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. അതുകൊണ്ടാണ് പാർട്ടി സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചചെയ്യാതിരുന്നതും.
അതേ സമയം സിഎജി റിപ്പോർട്ടിന് എതിരേ സംസാരിച്ചില്ലെങ്കിലും ബഹ്‌റയെ പിന്തുണയ്ക്കാൻ പിണറായി തീരുമാനിച്ചത് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ വ്യക്തമായിരുന്നു. യുഡിഎഫ് ഭരണത്തിലെ അഴിമതി ഉയർത്തിക്കാട്ടിയ സിപിഎം സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.