തിരുവനന്തപുരം: സംസ്ഥാനത്തെ അതിവേഗ റെയിൽപ്പാത- സിൽവർ ലൈൻ പദ്ധതി തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. ഏതു റെയിൽവേ സ്റ്റേഷനിൽനിന്നും രണ്ടുമണിക്കൂർ സമയത്തിനുള്ളിൽ വിമാനത്താവളങ്ങളിലെത്താനാകും.
പ്രവാസികൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ പറഞ്ഞു.നിയമസഭാംഗങ്ങൾക്കായി നടത്തിയ പ്രത്യേക അവതരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 532 കിലോമീറ്റർ നീളമുണ്ടാകും.തിരുവനന്തപുരത്തുനിന്ന് നാലുമണിക്കൂർ കൊണ്ട് കാസർകോട്ടെത്തും.
പ്രധാന പട്ടണങ്ങളിലൂടെ കടന്നു പോകുന്ന പാത കേരളത്തിലെ ഐ.ടി. പാർക്കുകൾക്കും ഗുണമാവും.
പദ്ധതിയുടെ ആകാശസർവേ പൂർത്തിയായി. വിശദ പദ്ധതിറിപ്പോർട്ടും അലൈൻമെന്റും അടുത്ത മാസത്തോടെ തയ്യാറാകും.
അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാൻ 66,079 കോടിരൂപ വേണം.

പദ്ധതി പൂർത്തിയാകുമ്പോൾ ദിവസേന റോഡ് യാത്രക്കാരായ 46,100 പേരും തീവണ്ടികളിൽ സഞ്ചരിക്കുന്ന 11,500 പേരും സിൽവർലൈനിലേക്കു മാറുമെന്നാണ് കണക്കുകൂട്ടൽ.
ഇതിലൂടെ 530 കോടിരൂപയുടെ പെട്രോളും ഡീസലും ലാഭിക്കാനാകും.
ചരക്ക്-ഗതാഗത സംവിധാനമായ റോറോ (റോൾഓൺ, റോൾഓഫ്) സർവീസുള്ളതിനാൽ അഞ്ഞൂറോളം ചരക്കുവാഹനങ്ങൾ റോഡിൽനിന്ന് പിൻമാറും. ഇതുമൂലം ഗതാഗതത്തിരക്കും റോഡപകടങ്ങളും കുറയും.
ഭാവിയിൽ ഈ പാതയിലൂടെ പ്രത്യേക ടൂറിസ്റ്റ് സർവീസുകൾ നടത്താനാകും.
പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത് 1226.45 ഹെക്ടർ. നാലുവരിപ്പാത നിർമിക്കുന്നതിന് എടുക്കേണ്ടിവരുന്ന ഭൂമിയുടെ പകുതിമാത്രം മതിയെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
രണ്ടു പുതിയ റെയിൽവേലൈനുകൾ ചേർത്ത് ഹരിത ഇടനാഴിയായാണ് പാത നിർമിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾക്ക് സഞ്ചരിക്കാനാകും. കാസർകോട്മുതൽ തിരൂർവരെയുള്ള 222 കിലോമീറ്റർ നിലവിലെ റെയിൽപ്പാതയ്ക്കു സമാന്തരമാകും.
തിരൂർമുതൽ തിരുവനന്തപുരംവരെയുള്ള 310 കിലോമീറ്റർ നിലവിലെ പാതയിൽനിന്ന് അകലെയാണ്. സാങ്കേതിക സവിശേഷതകളും നിലവിലെ റെയിൽപ്പാതയിലെ കൊടുംവളവുകളും കാരണം പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുക.
പാരീസിലെ സിസ്ട്ര, ജിസിയാണ് കെ-റെയിലിനുവേണ്ടി സാധ്യതാറിപ്പോർട്ട് തയ്യാറാക്കിയത്. പദ്ധതിച്ചെലവിന്റെ ഗണ്യമായ ഭാഗം അന്താരാഷ്ട്ര സഹായധന സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയിലൂടെയാണു കണ്ടെത്തുക.