ചട്ടം പാലിക്കാതെ ബഹ്‌റ വാഹനങ്ങൾ വാങ്ങി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ബെഹ്റ ലംഘിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി.ഡിജിപിയെ പേരെടുത്ത് പറഞ്ഞാണ് അക്കൗണ്ടൻറ് ജനറൽ എസ് സുനിൽ രാജ് പോലീസ് തലത്തിലെ ഗുരുതര വീഴ്ചകൾ പത്രസമ്മേളനത്തിൽ അറിയിച്ചത്. ഫലത്തിൽ ഡിജിപി അഴിമതി നടത്തിയതായി സൂചിപ്പിക്കുന്നതാണ് റിപ്പോർട്ട്.
സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ 33 ലക്ഷം രൂപ ബെഹ്റ കമ്പനിക്ക് നൽകിയതായി സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.
സി.എ.ജി. റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നു. 2016-17 കാലത്താണ് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവർക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാർ 1.26 കോടി രൂപയാണ് അനുവദിച്ചത്.
2017 ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതിയും നൽകി.
ബന്ധപ്പെട്ട സ്റ്റോർ പർച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പൺ ടെണ്ടർ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങൾ വാങ്ങാൻ എന്ന വ്യവസ്ഥയിലാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ഓപ്പൺ ടെണ്ടർ എന്ന വ്യവസ്ഥ പാലിക്കാതെയാണ് ലോക്നാഥ് ബെഹ്റ വാഹനങ്ങൾ വാങ്ങിയത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനു പകരം ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. തൊട്ടുപിന്നാലെ മിസ്തുബുഷി വാഹന കമ്പനിയിൽ നിന്ന് 55.02 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം എന്ന രീതിയിൽ വാങ്ങുന്നതിനായി സപ്ലൈ ഓർഡർ നൽകി. സപ്ലൈ ഓർഡർ കൊടുത്ത ദിവസം തന്നെ വാങ്ങുന്നതിന് നിയമ സാധുത ലഭിക്കുന്നതിന് വേണ്ടി സർക്കാരിന് കത്തുമയച്ചു. ഈ രണ്ടുതീരുമാനങ്ങളും ഒരേ ദിവസം തന്നെയാണ് ബെഹ്റ കൈക്കൊണ്ടത്.
അന്നേ ദിവസം തന്നെ വാങ്ങൽ കരാറിന് സർക്കാർ അനുമതി നൽകുന്നതിന് മുമ്പ് മിസ്തുബുഷി വാഹനകമ്പനിയുടെ വിതരണക്കാർക്ക് 33 ലക്ഷം രൂപ മുൻകൂർ നൽകി. കാർ വിലയുടെ 30 ശതമാനമാണിത്.
ഇക്കാര്യത്തിന് സാധുതയില്ലെന്ന് 2018 ൽ സർക്കാർ പോലീസിനെ അറിയിച്ചിരുന്നു.ബാക്കി 77 ലക്ഷം രൂപ 2018 ജൂലൈ വരെയുള്ള വിവരമനുസരിച്ച് ഇതുവരെയും കാർ കമ്പനിക്ക് കൊടുത്തതായി സി.എ.ജിക്ക് അറിയാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ ടെണ്ടർ ഇല്ലാതെ നിയന്ത്രിത ടെണ്ടർ പോകുമ്പോൾ അതിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പോലും പാലിച്ചില്ല എന്നാണ് സിഎജി ചൂണ്ടിക്കാണിക്കുന്നത്.
സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ഡിജിപിക്കെതിരേ നിയമ നടപടികൾ സ്വീകരിക്കാം. അഴിമതി നിരോധന നിയമപ്രകാരം ബെഹ്റക്കെതിരെ കേസെടുക്കുക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ എന്ന് മാത്രമേ അറിയാനുള്ളു. എന്തായാലും കേരള രാഷ്ട്രീയത്തിൽ ഇത് വൻ കോളിളക്കുണ്ടാക്കുമെന്നതിൽ സംശയമില്ല.