ന്യൂ​ഡെല്‍​ഹി: പരാജയങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത ഒരു പറ്റം ഉപജാപസംഘത്തിന്റെ താവളമായ കോൺഗ്രസ് വട്ടപൂജ്യത്തിന്റെ സംപൂജ്യതയിൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ആഹ്ളാദവും ആനന്ദവും ഉള്ളിലൊതുക്കുന്നു. പതിവ് വിഴപ്പലക്കുകൾ ഇത്തവണ ഡെൽഹിയിൽ ഉണ്ടായില്ലെന്നത് ഏക ആശ്വാസം. മരണം കാത്ത് കഴിയുന്ന മാരക രോഗി യാതയായത് പോലെയാണ് നേതാക്കൾ ഡെല്‍​ഹി​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യത്തോട് പ്രതികരിച്ചത്. ‘ഇത് പ്ര​തീ​ക്ഷി​ച്ചത് ത​ന്നെ.’

സ്വപ്നത്തിലെന്ന പോലെ ര​ണ്ടോ മൂ​ന്നോ സീ​റ്റു നേടുമെന്ന് ചില നേതാക്കൾ ചിന്തിച്ചു. എക്സിറ്റ് പോളുകളിൽ ചിലരും ഇത് പ്രവചിച്ചു. ഇതിന്റെ പിൻബലത്തിൽ വോട്ടെണ്ണൽ തുടങ്ങും മുമ്പ് കോൺഗ്രസ് പത്തു സീറ്റ് നേടുമെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്നും അവർ തട്ടി വിട്ടു. അവസാനം എല്ലാവരും പ്രതീക്ഷിച്ചത് സംഭവിച്ചു.അഞ്ചു ശതമാനത്തിന് താഴെ വോട്ടു നേടി സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി.

വികസന പിന്തുടർച്ചയ്ക്കായി വോട്ടു തേടിയ ആം​ആ​ദ്മിക്കും വിഭാഗീയത ഇളക്കി ഭരണം നേടാൻ ശ്രമിച്ച ബി​ജെ​പി​യു​ടെ താരപ്രചാരണത്തിനും ഇടയിൽ ഞൊണ്ടി നടക്കാൻ ശ്രമിച്ച് തലയടിച്ച് വീഴുകയായിരുന്നു കോൺഗ്രസ് നേത്യത്വവും പാർട്ടിയും.
അസ്ഥികൂടം പോലെ നിർജീവമായ പാർട്ടി ഘടകത്തിൽ ജീവൻ കടത്തിവിടുക എന്ന മാജിക്കായിരുന്നു മുരടിച്ച നേത്യത്വത്തിന്റെ ഭാവനാ വിലാസം. അതുകൊണ്ട് മറ്റു പാർട്ടികളിൽ നിന്ന് കൂറുമാറി വന്നവരെ ജീവന്റെ തുടിപ്പുകളായി നേതാക്കൾ കണ്ടു.

ഷീലാ ദീക്ഷിത് എന്ന മുഖ്യമന്ത്രിയിലൂടെ 15 വർഷം ഡെൽഹി ഭരിച്ച കോൺഗ്രസിന് രാജ്യ തലസ്ഥാനത്തെ ഭരണം പിടിക്കാൻ യാതൊരു നയവും തന്ത്രവും ഇല്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. വികസനവും അഴിമതിയും കൂട്ടിക്കുഴച്ച ഷീലാ ദീക്ഷിതിലൂടെ ഇനി ഡെൽഹി പിടിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം മനസിലാക്കാൻ 2015ലെ തെരഞ്ഞെടുപ്പിൽ നേതാക്കൾക്ക് കഴിഞ്ഞില്ല. ഷീലാ ദീക്ഷിതിന്റെ ആകസ്മീക മരണം കൂടിയായപ്പോൾ പകരം വയ്ക്കാൻ പേരിനൊരു നേതാവു പോലുമില്ലാതെയായി.

എന്നിട്ടും കോൺഗ്രസ് ഒന്നും പഠിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കേജരിവാൾ ബിജെപിയെയും കോൺഗ്രസിനെയും വെല്ലുവിളിച്ചപ്പോൾ പകച്ചു പോയത് അക്ഷരാർഥത്തിൽ കോൺഗ്രസായിരുന്നു. കാരണം പാർട്ടിക്ക് പേരിനു പോലും അങ്ങനെയൊരാളെ പ്രഖ്യാപിക്കാൻ ഇല്ലായിരുന്നു. രണ്ടക്ക സംഖ്യ സ്വപ്നം കാണാൻ പോലും നിർജീവ പാർട്ടി സംസ്ഥാന ഘടകത്തിനോ പ്രവർത്തകർക്കോ അതു കൊണ്ട് കഴിഞ്ഞില്ല. സാധാരണ പ്രവർത്തകരുടെ നിർവികാരതയ്ക്ക് ചെറിയ വ്യത്യാസമുണ്ടായത് മലയാളികൾ കൂടുതലുള്ള മേഖലകളിൽ മാത്രമായിരുന്നു.

ആം ആദ്മിയുമായി യോജിച്ചു നീങ്ങാൻ നേതൃത്വത്തിന് കഴിയാതെ വന്നത് ഒരേ സമയം കോൺഗ്രസിന് കോട്ടവും നേട്ടവുമായി. ഡെൽഹിയിലെ കോൺഗ്രസ് അനുഭാവികളായ നല്ലൊരു ശതമാനത്തിന്റെയും വോട്ട് ആം ആദ്മി നേടി. രണ്ടിടങ്ങളിലൊഴികെ രണ്ടാം സ്ഥാനത്തു പോലും എത്താൻ കഴിയാതിരുന്ന കോൺഗ്രസിന് വോട്ട് ചെയ്താൽ യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നതിനൊപ്പം ചിലപ്പോൾ അത് ബിജെപിയെ സഹായിക്കുക കൂടിയാവാം എന്ന വിചാരമാണ് മാറി ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചത്. കോൺഗ്രസിന്റെ ബലഹീനയതിലുള്ള നിരാശയും ബിജെപിയുടെ വർഗീയ അജണ്ടയോടുള്ള എതിർപ്പും ഇതിൽ പ്രകടമായിരുന്നു.

സമീപ സംസ്ഥാനങ്ങളിൽ ആം ആദ്മി കോൺഗ്രസിന് ഉയർത്തിയ ഭീഷണിയാണ് ഇവരുമായി ഒരു നീക്കുപോക്കിൽ നിന്ന് കോൺഗ്രസിനെ പിന്തിരിപ്പിച്ചത്.അരവിന്ദ് കേജരിവാൾ ഉയർത്തിയ വികസന കാഴ്ചപ്പാടോ വിശാലവീക്ഷണമോ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കൾ ആം ആദ്മിയുടെ ലേബലിൽ സ്വയം വളരാൻ ശ്രമിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും കോൺഗ്രസിന് തിരിച്ചടിയായതും ഡൽഹിയിൽ നീക്കുപോക്കിന് തടസമായതും.

രാഷ്ട്രീയ പ്രതിസന്ധിയും പ്രതികൂല സാഹചര്യങ്ങളും ഫലപ്രദമായി വിലയിരുത്തി പരിഹരിക്കാൻ കഴിവുള്ള നേത്യത്യത്തിന്റെ അഭാവമാണ് കോൺഗ്രസിനെ ഡെൽഹിയിൽ ദയനീയ പരാജയത്തിന്റെ രാജപാതയൊരുക്കിയത്. ഗാന്ധി കുടുംബം പ്രതിയോഗികൾ ഉയർത്തുന്ന വെല്ലുവിളികളുടെ നടുവിൽ നട്ടം തിരിയുമ്പോൾ ഇവരുടെ അഭ്യുദയകാംക്ഷികളെന്ന് സ്വയം നടിക്കുന്നവർ അധികാരം ഉറപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിന് അവസരങ്ങൾ നഷ്ടപ്പെടുത്തി കൊണ്ടേയിരിക്കും. പ്രാദേശിക പാർട്ടികളുടെ അവസരവാദ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാകും പരിണിത ഫലം.