ഉന്നതവിദ്യാഭ്യാസ രംഗത്ത് 1000 അധ്യാപക തസ്തികള്‍

തിരുവനന്തപുരം: ഈ വർഷം മാർച്ചിൽ കോളജുകളിൽ 1000ത്തോളം അധ്യാപക തസ്തികകൾ   സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.ഉന്നത വിദ്യാഭ്യാസ മേഖലയിൽ 60 പുതിയകോഴ്സുകൾ അനുവദിക്കും.ന്യൂജനറേഷൻ ഇന്റർഡിസിപ്ലിനറി കോഴ്സുകളാകും തുടങ്ങുക. കോഴ്സുകൾ ലഭിക്കണമെങ്കിൽ കോളേജിന് നാക് അക്രഡിറ്റേഷൻ എ പ്ലസ് ഗ്രേഡ് ഉണ്ടാകണം. സർക്കാർ കോളേജുകൾക്ക് ഇളവുണ്ടായിരിക്കും. അഞ്ച് വർഷം കഴിഞ്ഞ് മാത്രമേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. അതുവരെ താത്കാലിക കരാർ വ്യവസ്ഥയിൽ കോഴ്സുകൾ നടത്തണം.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂർ, മഹാത്മ, മലയാളം, സംസ്കൃത, നിയമ സർവകലാശാലകൾക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗൺസിലിന് 16 കോടി. കെ.സി.എച്ച്.ആറിന് ഒമ്പത് കോടി. അസാപ്പിന് അമ്പതുകോടി എന്നിങ്ങനെയാണ് തുക.
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് അഞ്ച് കോടി. ഇതിൽ രണ്ടുകോടി മ്യൂസിയങ്ങൾക്കുള്ള വിഷ്വൽ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്.
കോളേജ് കെട്ടിടങ്ങളുടെ നിർമാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സർക്കാർ കോളേജുകളിലെയും ലാബോറട്ടറികൾ നവീകരിക്കും.