ഊന്നുവടിയിൽ ഉയരങ്ങളിലെത്തി; അസ്ന ഡോക്ടറായി സ്വന്തം നാട്ടിൽ

കണ്ണൂർ: ഇത് അസ്ന. അക്രമ രാഷ്ട്രീയത്തിന്റെ ഇര. ആത്മവിശ്വാസത്തിന്റെ ഊന്നുവടിയിൽ ഉയരങ്ങൾ താണ്ടി സ്വന്തം നാട്ടിലെ പ്രാഥമീകാരോഗ്യകേന്ദ്രത്തിൽ ഡോക്ടറായി ഇന്ന് ചുമതലയേറ്റു. ചെറുവാഞ്ചേരി പ്രാഥമീകരോഗ്യ കേന്ദ്രത്തിൽ നാട്ടുകാരുടെ നാഡിമിടിപ്പുകൾ ഡോ.അസ്ന നിരീക്ഷിക്കും. വീട്ടുകാർക്കും നാട്ടുകാർക്കും അഭിമാനത്തിന്റെ നിമിഷങ്ങൾ.

കണ്ണൂരിൽ ഒരു മുറിപ്പാട് മായ്ക്കുകയാണ്. ഇരുപത് വർഷത്തിനുശേഷത്തിനു ശേഷം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2000 സെപ്റ്റംബർ 27 നാണ് കേരളത്തെ ഞെട്ടിച്ച അക്രമം അരങ്ങേറിയത്.ബി ജെ പി പ്രവർത്തകർ എറിഞ്ഞ ബോംബിൽ ബൂത്തിനടുത്തുള്ള വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് അസ്നയുടെ വലതുകാൽ തകർന്നു. ചോരയിൽ കുളിച്ച കുട്ടിയെ ഓടിക്കൂടിയവർ ആശുപത്രിയിലാക്കി.

വേദന കടിച്ചമർത്തി മൂന്നു മാസത്തിലേറെ നീണ്ട ചികിത്സ.ഡോക്ടർമാരുടെ പരിചരണവും പരിലാളനവുമെല്ലാം ആവോളം ആസ്വദിച്ച കുഞ്ഞ് ഒരു സ്വപ്നം കണ്ടു. ഭാവിയിൽ ഒരു ഡോക്ടറാവുക. പലരും കുട്ടിയുടെ പാഴ്ക്കിനാവായണിതിനെ കണ്ടത്.
എന്നാൽ മകളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ പിതാവ് സ്വന്തം കച്ചവടം ഉപേക്ഷിച്ചു.ക്യത്രിമക്കാലിൽ നടന്നുപടിച്ചു തുടങ്ങിയ കുട്ടിയെ തോളിലിരുത്തി സ്ക്കൂളിലെത്തിക്കുകയും മടക്കി കൊണ്ടുവരുകയും ചെയ്ത പിതാവിനൊപ്പം മകൾക്ക് വേണ്ടതെല്ലാം ചെയ്ത് അമ്മയും കൂടിയപ്പോൾ അസ്നയ്ക്ക് ആത്മവിശ്വാസം ഇരട്ടിച്ചു.പിന്നെ ഒരു കുതിപ്പായിരുന്നു.

എൻട്രൻസിൽ വിജയിച്ച് ആഗ്രഹിച്ച പോലെ കോഴിക്കോട് മെഡിക്കൽ കോളജിൽ അലോട്ട്മെന്റ് ലഭിച്ചു. അവിടെ ഒരു വെല്ലുവിളി ബാക്കി. നാലാം നിലയിലെ ക്ലാസ് റൂമിലെത്താൻ ക്ലേശിച്ച അസ്നയുടെ ദയനീയാവസ്ഥ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം 35 ലക്ഷം രൂപ അനുവദിച്ചു കോളജിൽ ലിഫ്റ്റ് സ്ഥാപിച്ചു. പoനത്തിനും ചികിൽസയ്ക്കും നാട്ടുകാർ 15 ലക്ഷം രൂപ സമാഹരിച്ച് നൽകിയപ്പോൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി വീടുവച്ചു നൽകി.

ശരീരത്തിന്റെ വൈകല്യം മറന്ന്കഠിനാധ്വാനം. ഹൗസർജൻസി കഴിഞ്ഞ അസ്ന വീടിനടുത്തുള്ള ചെറുവാഞ്ചേരി പ്രാഥമീകരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ഒഴിവിലേക്ക് അങ്ങനെയാണ് അപേക്ഷ നൽകിയത്. ഇന്റർവ്യൂവിൽ ഒന്നാമതെത്തിയ അസ്നയ്ക്ക് നിയമനം നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇന്നലെ വൈകി അസ്നയുടെ വീട്ടിലെത്തി തീരുമാനം അറിയിച്ചു. നാളെ ചുമതലയേൽക്കുക. അങ്ങനെയാണ് വീട്ടിൽ നിന്ന് അഞ്ചു മിനിറ്റ് അകലെയുള്ള ആരോഗ്യ കേന്ദ്രത്തിൽ ഡോ.അസ്ന കർമ്മനിരതയായത്.ഈ ചെറു ദൂരവും ക്യത്രിമകാലിൽ താണ്ടാൻ അസ്നയ്ക്ക് ഏറെ ബുദ്ധിമുട്ടാണ്. എങ്കിലും നാട്ടിലൂടെ നടന്ന് ഡ്യൂട്ടിക്ക് പോകാൻ കഴിയുന്നതിൽ സന്തോഷവതിയാണിവർ.താമസിയാതെ സ്ഥിരം നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡോ.അസ്ന.