ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാംപ്രതി;കുറ്റപത്രം കോടതിയില്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റ പത്രം സമർപ്പിച്ചു. ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസാണ് രണ്ടാംപ്രതി.
ഇതെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 100 സാക്ഷികളാണുള്ളത്. 66 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 75 തൊണ്ടിമുതലുകളും പോലീസ് നൽകിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് കെഎം ബഷീറിന്റെ ബൈക്കിൽ ശ്രീറാമും വനിതാ സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ചത്.സംഭവം വിവാദമായതിനെത്തുടർന്നാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനം ഓടിച്ചതെന്നായിരുന്നു വാഹന ഉടമ വഫ ഫിറോസിന്റെ മൊഴി. എന്നാൽ വഫയാണ് വാഹനമോടിച്ചതെന്ന് ശ്രീറാമും മൊഴി നൽകി.
അപകടമരണത്തിൽ മ്യൂസിയം പോലീസിന്റെ അന്വേഷണം സംശയാസ്പദമായിരുന്നു. പ്രാഥമീക അന്വേഷണവും മറ്റുനടപടികളും പൂർത്തിയാക്കാൻ പോലീസ് വീഴ്ചവരുത്തിയത് ഏറെ വിമർശനത്തിനിടയാക്കി. ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാൻ അപകട ശേഷം പരിശോധനയ്ക്ക് വിധേയമാക്കുക പോലും ചെയ്തിരുന്നില്ല.

ഉദ്യോഗസ്ഥ ലോബിയുടെ പിൻബലത്തിൽ ഡോക്ടർ കൂടിയായ ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിരുന്നു.
വിവാദങ്ങൾ ശക്തമായപ്പോൾ പ്രത്യേക അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു.

അപകടത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാർശ നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി തള്ളിയിരുന്നു. സസ്പെൻഷൻ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.