കാളികാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

കോട്ടയം: എം.സി. റോഡിൽ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ തമ്പി (70), ഭാര്യ വത്സല, മരുമകൾ പ്രഭ, മകൻ അർജുൻ പ്രവീൺ(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 12-നാണ് അപകടം. കോട്ടയത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയും കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലോറിയുടെ അടിയിലേയ്ക്കു കയറി. കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചെങ്കിലും ആരെയും പുറത്തെടുക്കാനായില്ല

വിവരമറിഞ്ഞ് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ.
അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ എം.സി.റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളിൽനിന്ന് റോഡിൽവീണ ഓയിൽ അഗ്നിരക്ഷാസേന കഴുകിക്കളഞ്ഞു.
ചാലക്കുടിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു തമ്പിയും കുടുംബവും.അപകടത്തിൽ കാറിന്റെ എയർ ബാഗ് പുറത്തേക്ക് വന്നെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാൻ സഹായമായില്ല.