സർക്കാർ ഗവർണർ ധാരണ വ്യക്തം;ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം തള്ളി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് നൽകിയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ല. ഇന്ന് രാവിലെ ചേർന്ന കാര്യോപദേശക സമിതി യോഗമാണ് പ്രമേയ നോട്ടീസിന് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്.

ഇതോടെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ താൽക്കാലിക വെടിനിർത്തലുണ്ടായെന്ന വിലയിരുത്തൽ ശക്തമായി.
പരസ്പരം ഏറ്റുമുട്ടുന്നത് ഇരുകൂട്ടർക്കും പരിക്കേൽക്കുന്നതിന് പുറമെ പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെന്നതും നിലപാട് മാറ്റത്തിന് കാരണമായെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രമേയത്തിന് അനുമതി നൽകില്ലെന്ന പ്രചാരണം നേരത്തേ ശക്തമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലനും പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തോട് യോജിച്ചില്ല. കാര്യോപദേശക സമിതി അംഗങ്ങൾ തമ്മിൽ ശക്തമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. പ്രതിപക്ഷം സമിതിയോഗ തീരുമാനത്തോട് വിയോജിച്ചു. റിപ്പോർട്ട് സഭയിൽ വയ്ക്കുമ്പോൾ കാര്യോപദേശക സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടേക്കും.

തിങ്കളാഴ്ച സഭയിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് സഭയിൽ ഇക്കാര്യത്തിൽ സംസാരിക്കാനും നിലപാട് വ്യക്തമാക്കാനും കഴിയും.

പ്രമേയത്തിന്റെ ഉള്ളടക്കം സർക്കാർ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്. ഇല്ലാത്ത കീഴ് വഴക്കം സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ബാലൻ പറഞ്ഞു.