ട്രെയിനിൽ വിഷവാതകം; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: ട്രെയിനിൽ നിറഞ്ഞ വിഷക വാതകം തിരിച്ചറിഞ്ഞ ടി ടി ഇ യുടെ സമയോചിത ഇടപെടൽ 32 പേരുടെ ജീവൻ രക്ഷിച്ചു.

റിപ്പബ്ലിക്ദിന പുലരിയിൽ കൊച്ചുവേളി-ബനസ്വാഡി (ബെംഗളൂരു) ഹംസഫർ എക്സ്പ്രസിലെ 32 പേരുടെ ജീവനാണ് തീവണ്ടിയിലെ സ്മോക് ഡിറ്റക്റ്റിങ് സംവിധാനവും ടി.ടി.ഇ.യുടെ സമയോചിത ഇടപെടലും കലം രക്ഷപ്പെട്ടത്.

ട്രെയിൻ പാലക്കാട് എത്തുന്നതിനുമുമ്പായിരുന്നു സംഭവം. എ.സി. ട്രാൻസ്ഫോർമർ കത്തി കാർബൺഡൈ ഓക്സൈഡും കാർബൺമോണോക്സൈഡും കോച്ചിൽ നിറഞ്ഞതാണ് അപകടഭീതി ഉയർത്തിയത്.

പുലർച്ചെ ഒന്നേകാലോടെയാണ് ഓട്ടത്തിനിടെ തീവണ്ടി പെട്ടെന്ന് നിന്നത്. ഒപ്പം അലാറവും മുഴങ്ങി. എല്ലാ കോച്ചുകളും ശീതീകരിച്ച തീവണ്ടിയിൽ ബി. 5 കോച്ചിലുണ്ടായിരുന്ന ടി.ടി.ഇ.യാണ് തൊട്ടടുത്ത കോച്ചിലെ അപകടം ശ്രദ്ധിച്ചത്. അദ്ദേഹം ഉടൻ കോച്ചിലെത്തി. ഇതിൽ പുക നിറഞ്ഞിരുന്നു.
ഗാഡ നിദ്രയിലായിരുന്ന യാത്രക്കാരെയെല്ലാം അദ്ദേഹം വിളിച്ചുണർത്തി നിമിഷങ്ങൾക്കുള്ളിൽ അടുത്ത മറ്റൊരു കോച്ചിലേക്ക് മാറ്റി.
എ.സി. മെക്കാനിക്കുകൾ, ടെക്നീഷ്യൻമാർ, ലോക്കോപൈലറ്റ്, ഗാർഡ് എന്നിവരും കോച്ചിലെത്തി പരിശോധന നടത്തി. കോച്ചിലെ എല്ലാ ഇലക്ട്രിക്കൽ സംവിധാനവും ഓഫ് ചെയ്ത ശേഷമാണ് പിന്നീട് തീവണ്ടി യാത്ര പുറപ്പെട്ടത്.

ബെംഗളൂരുവിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കോച്ചിലെ എ.സി. ട്രാൻസ്ഫോർമർ കത്തി പുറത്തു വന്ന കാർബൺഡൈ ഓക്സൈഡും കാർബൺ മോണോക്സൈഡുമാണ് പുക നിറയാൻ കാരണമെന്ന് തിരിച്ചറിഞ്ഞത്. അധികനേരം യാത്രക്കാർ ഇത് ശ്വസിച്ചിരുന്നെങ്കിൽ ഉറക്കത്തിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.

ഹംസഫർ എക്സ്പ്രസിലെ സ്മോക് ഡിറ്റക്ടറ്റിങ് സംവിധാനമാണ് യാത്രക്കാർക്ക് രക്ഷയായത്. പുക ഉണ്ടായാൽ അലാറം മുഴങ്ങുകയും അതിനൊപ്പം ചങ്ങല വലിക്കുന്നതു പോലെ തീവണ്ടി നിൽക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത.റെയിൽവേയുടെ ഏറ്റവും പുതിയ കോച്ചുകളിലാണ് സ്മോക് ഡിറ്റക്റ്റിങ് സംവിധാനമുള്ളത്.
ഹംസഫർ എക്സ്പ്രസിൽ എ സി ട്രാൻഫോർമർ കത്തി വിഷവാതകം പുറത്തു വന്ന സംഭവത്തെക്കുറിച്ച് റെയിൽവേ വിശദ റിപ്പോർട്ട് തേടി.