തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാ പ്രവണതകളെയും എതിർക്കേണ്ടത് ക്രിസ്തീയ വിശ്വാസികളുടെ കടമയാണെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. സൂസപാക്യം.
തിരുവനന്തപുരം അതിരൂപതയുടെ അഭിമുഖ്യത്തിൽ
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ് ഡോ. സൂസാപാക്യം.
ഭരണഘടന മുറുകെ പിടിക്കുന്ന മതേത്വരത്വ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
ഭരണഘടനയെക്കുറിച്ച് ഓരോ ഇന്ത്യൻ പൗരനും വളരെ ആദരവും ബഹുമാനവും, അഭിമാനവും ഉണ്ട്. ഇത് നമ്മൾ മുറുകെ പിടിക്കുന്നു.
സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്.ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്. ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരതജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്. ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു ഏതു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് പ്രതിജ്ഞ നമുക്ക് എടുക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വികസനത്തിനായി, മൂല്യങ്ങൾ സംരക്ഷിക്കാനായി പൂർണമായി സമർപ്പിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
വികാരി ജനറാൾ മോൺ.ഡോ. നിക്കൊളാസ് ടി ഭരണഘടനയുടെ ആമുഖം വായിച്ചു. ആർച്ചുബിഷപ്പ് സൂസാപാക്യം ചൊല്ലി കൊടുത്ത ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വിശ്വാസികൾ ഏറ്റുചൊല്ലി.