കൊച്ചി: കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ എസ്ഐ വില്‍സണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് തമിഴ്നാട് പോലീസ് കണ്ടെത്തി.
വില്‍സനെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്കാണ് പൊലീസിന്റെ പ്രത്യേക സംഘം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്ന് കണ്ടെത്തിയത്.
ആർമിയുടേതു പോലുള്ള തോക്കാണ് കണ്ടെത്തിയത്.തീവ്രവാദ ബന്ധമുള്ളഅബ്ദുള് ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലില്‍ നിന്നാണ് തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചത്.
എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയില്‍ നിന്ന് ബസ്സിൽ എറണാകുളത്ത് എത്തി.അപ്പോഴാണ് കൊലപാതകവാര്‍ത്ത പത്രത്തില്‍ കാണുന്നത്.ഇത് കണ്ടതോടെ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ തള്ളുന്ന ഓടയില്‍ പ്രതികള്‍ തോക്ക് ഉപേക്ഷിച്ചു.
തുടര്‍ന്ന് ബസ്സില്‍ ഉഡുപ്പിക്ക് പോവുകയായിരുന്നു.
കര്‍ണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് തിരുവനന്തപുരം – വെരാവല്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത പ്രതികളെ ഇക്കഴിഞ്ഞ ഏഴാം തിയതി പിടികൂടിയത്.
ഇവരുടെ പക്കല്‍ സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് വന്നതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്യൂ ബ്രാഞ്ച് ഡിവൈഎസ്പി കെ ഗണേശന് വ്യക്തമാക്കി.
കൊലപാതകത്തിന്റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബംഗളുരു പൊലീസിന്റെ പിടിയിലാണ്.ഇവരെ അറസ്റ്റ് ചെയ്തതാണ് പ്രതികളുടെ അറസ്റ്റിലേക്കും വഴി തെളിച്ചത്.
കര്‍ണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതും നടപടികള്‍ ആസൂത്രണം ചെയ്തിരുന്നതും. അല്‍-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ, തമിഴ്നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവര്‍ത്തിച്ചിരുന്നത്.
17 പേര് സംഘത്തിലുണ്ടെന്നും, തമിഴ്നാട്ടില്‍ നിന്ന് പുറത്തേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റിയതായും ഇവര്‍ പൊലീസിന് മൊഴി നല്കി. ഇപ്പോള്‍ അറസ്റ്റിലായ അബ്ദുള്‍ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതോടെയാണ്,സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകത്തിലേക്ക് മാറ്റി.
കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും.അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.