ഭൂരിപക്ഷം ഉറപ്പിച്ച്‌ ത്രികക്ഷി സഖ്യം, 154 എംഎല്‍എമാരുടെ പിന്തുണക്കത്ത് സുപ്രീം കോടതിയിലേക്ക്!

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്. അതിനിടെ കോടതിയില്‍ നിര്‍ണായക നീക്കം നടത്താനൊരുങ്ങുകയാണ് ത്രികക്ഷികള്‍. തങ്ങളുടെ സഖ്യത്തിന് 154 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്ന് അവകാശപ്പെടുന്ന കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം.

154 എംഎല്‍എമാര്‍ ഒപ്പ് വെച്ച കത്താണ് സമര്‍പ്പിക്കുക.  ശിവസേനയുടെ 56 എംഎല്‍എമാരും കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരും എന്‍സിപിയുടെ 46 എംഎല്‍എമാരും പിന്തുണക്കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അജിത് പവാറിനൊപ്പം ആദ്യം ബിജെപി പക്ഷത്തേക്ക് പോയ ചില എംഎല്‍എമാരുടെ ഒപ്പ് കത്തില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അജിത് പവാറിനൊപ്പം പോയവരില്‍ ഒരാള്‍ ഒഴികെ ഉളള എല്ലാ എംഎല്‍എമാരും തങ്ങളുടെ അടുത്തേക്ക് തന്നെ മടങ്ങി എത്തി എന്നാണ് എന്‍സിപി അവകാശപ്പെടുന്നത്. എന്‍സിപിക്ക് ആകെയുളളത് 54 എംഎല്‍എമാരാണ്. നാല് പേര്‍ കൂടി ബിജെപി പക്ഷത്ത് നിന്ന് മടങ്ങി എത്തിയതോടെ എന്‍സിപിക്ക് 52 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി ആവശ്യമുളളത് 145 എംഎല്‍എമാരുടെ പിന്തുണയാണ്. നിലവില്‍ അജിത് പവാറിനെ കൂടാതെ അന്ന ബന്‍സോഡെ എംഎല്‍എ മാത്രമാണ് ബിജെപി ക്യാമ്ബില്‍ അവശേഷിക്കുന്നത്. എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാനും കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച്‌ ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറട്ട് എന്നിവര്‍ അടിയന്തര ചര്‍ച്ച നടത്തി. സുപ്രീം കോടതി വിധി പറയും മുന്‍പ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാനാണ് നീക്കം.