ചെന്നൈ: മത്സ്യബന്ധനത്തിന് പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയില്‍. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്.
അതേസമയം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ആറ് ശ്രീലങ്കന്‍ പൗരന്മാരെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇവര്‍ ബോട്ടില്‍ തമിഴ്നാട് തീരത്തെത്തിയത്. ചൊവ്വാഴ്ചയാണ് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ ഇറങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. തുടര്‍ന്ന്് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടുകയായിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ എട്ട് കുഞ്ഞുങ്ങളടക്കം 16 അഭയാര്‍ത്ഥികളാണ് ധനുഷ്കോടി, രാമേശ്വരം തീരത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ നിന്നും വരും ദിവസങ്ങളില്‍ 2000 അഭയാര്‍ത്ഥികളെങ്കിലും ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചിരുന്നു. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്.
ശ്രീലങ്കയില്‍ കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. വിദേശനാണയം തീര്‍ന്നതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും കഴിയാതെയായി. കൂടാതെ കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.