ന്യൂ ഡെല്‍ഹി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഡെല്‍ഹിയിലെ എയിംസില്‍ എത്തിച്ചത്.
ഹൃദയത്തിലും വൃക്കയിലും പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയിംസിലേക്ക് മാറ്റിയത്. ‘ലാലു പ്രസാദ് യാദവ് ഡെല്‍ഹിയിലെ എയിംസില്‍ ചികിത്സയിലാണ്. റാഞ്ചിയിലായിരുന്നപ്പോള് 4.5 ആയിരുന്നു ക്രിയാറ്റിന്‍ നില. ഡല്‍ഹിയില്‍ പരീക്ഷിച്ചപ്പോള്‍ 5.1 ആയി ഉയര്‍ന്നു. വീണ്ടും പരിശോധിച്ചപ്പോള്‍ 5.9 എത്തി. അതിനാല്‍ അണുബാധ കൂടുകയാണ്.’ എന്ന് മകന് തേജസ്വി യാദവ് പറഞ്ഞു.
മൂന്ന് തവണ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 73 കാരനായ ലാലു പ്രസാദിനെ കുപ്രസിദ്ധ ബിഹാര്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ കഴിഞ്ഞ മാസമാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്. 2017 മുതല്‍ ലാലു യാദവ് ജയിലിലാണ്. എന്നാല്‍ അനാരോഗ്യം കാരണം അദ്ദേഹം കൂടുതല്‍ സമയവും റാഞ്ചിയിലെ റിംസില്‍ ചെലവഴിക്കുകയായിരുന്നു.