ന്യൂ ഡെല്‍ഹി: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ആറ് ശ്രീലങ്കന്‍ പൗരന്മാരെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ആറ് പേരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്ന് അധികൃതര്‍ പറഞ്ഞു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് അവര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടിലെ ധനുഷ്‌കോടിയില്‍ ഇറങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. തുടര്‍ന്ന്് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടുകയായിരുന്നു.
ശ്രീലങ്കയില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പതിനായിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധിച്ചിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചിരുന്നു. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്.
ശ്രീലങ്കയില്‍ കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. വിദേശനാണയം തീര്‍ന്നതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും കഴിയാതെയായി. കൂടാതെ കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ റേഷന്‍ കടകളിലും പെട്രോള്‍ പമ്പുകളിലും സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു.