അഖിലേഷ് യാദവ് ലോക്സഭാ അംഗത്വം രാജിവെച്ചു

ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്സഭാ അംഗത്വം രാജിവെച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി. 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഖിലേഷ് യാദവ് കര്‍ഹാല്‍ നിയമസഭാ സീറ്റില്‍ വിജയിച്ചത്.

രാജിക്ക് മുന്നോടിയായി മാര്‍ച്ച് 18ന് കര്‍ഹാലില്‍ വച്ച് അഖിലേഷ് യാദവ് എസ്പിയുടെ ഭാരവാഹികളുമായും അനുയായികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച എസ്പിയുടെ അസംഗഢ് ഭാരവാഹികളുമായി അദ്ദേഹം കൂടിയാലോചന നടത്തി. അസംഗഢില്‍ നിന്ന് 2019ലാണ് അഖിലേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ചിരുന്നു. 255 സീറ്റുകളോടെ ബിജെപിയാണ് അധികാരം നിലനിര്‍ത്തിയത്. അഖിലേഷ് യാദവ് യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.