പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് ബിജെപി പ്രഖ്യാപിക്കും. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ബിജെപി നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്തിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേര്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് ദിവസങ്ങളോളം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ബിജെപി വൈകിയതിനാല്‍ മറ്റ് ചില പേരുകളും ഉയര്‍ന്നു വന്നിരുന്നു. ബിജെപി എംഎല്‍എയും മുന്‍ സംസ്ഥാന ആരോഗ്യമന്ത്രിയുമായ വിശ്വജിത് റാണെ, ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലാണെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച സാവന്തും റാണെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും എല്‍ മുരുകനും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ പനാജിയിലെത്തും.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 23 നും 25 നും ഇടയില്‍ നടക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗോവ ബിജെപി അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാദേ പറഞ്ഞു.