ഹിജാബ് പ്രക്ഷോഭകാരികൾക്കിടയിൽ കടന്നുകയറി അക്രമത്തിനെത്തിയ രണ്ടുപേർ പിടിയിൽ; അന്വേഷണം ദേശവിരുദ്ധ ഭീകരസംഘടനകളിലേക്ക്

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിനിടെ കടന്നുകയറി അക്രമം നടത്താൻ മാരകായുധങ്ങളുമായി എത്തിയ രണ്ടുപേർ പിടിയിൽ. റജബ് (41), അബ്ദുൾ മജീദ് (32) എന്നിവരെ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സർക്കാർ കോളേജിനു സമീപത്തുനിന്നാണ് പിടികൂടിയത്.

ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. പ്രക്ഷോഭകാരികൾക്കിടയിൽ കടന്നുകയറി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് പോലീസ് നിഗമനം. പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് സമീപത്തായി ചുറ്റിക്കറങ്ങുന്ന അഞ്ചംഗ സംഘത്തെക്കണ്ട് സംശയം തോന്നിയ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർക്കുവേണ്ടി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അതേസമയം, പ്രക്ഷോഭം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുകയാണ്. വിദ്യാ‍ർത്ഥിനികൾക്ക് പിന്തുണയുമായി മുസ്ലീം ആൺകുട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടം വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് എത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണയതിലേക്ക് നീങ്ങുകയായിരുന്നു.

ഉഡുപ്പിയിലെ സ്‌കൂളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരായ പ്രതിഷേധത്തിൽ അന്വേഷണം ദേശവിരുദ്ധ ഭീകരസംഘടനകളിലേക്ക്. ഇസ്ലാംമത വിശ്വാസികളായ ഒരു വിഭാഗം വിദ്യാർത്ഥിനികൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന സൂചനയുമായി കർണ്ണാടക പോലീസ്. വിദ്യാർത്ഥിനികൾ പഠന സംബന്ധമായോ മറ്റ് സ്‌കൂൾ കാര്യങ്ങളിലോ ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഇതിനിടെയാണ് വേഷം സംബന്ധിച്ച് വിവാദം ഉയർന്നുവന്നത്. ഇതുമാത്രം വിഷയമാക്കി ഇത്ര ദിവസമായി വിദ്യാർത്ഥിനികൾ ഒരു സ്‌കൂളിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആഭ്യന്തര മന്ത്രി ആരംഗ ധ്യാനേന്ദ്രയാണ് വിദ്യാർത്ഥികൾ ആരുമായിട്ടാണ് ഇടപഴകുന്നത്, മൊബൈൽ സംഭാഷണങ്ങൾ, ചാറ്റുകൾ, സമൂഹമാധ്യമ ഉപയോഗം എന്നിവ പരിശോധിക്കുമെന്ന സൂചന നൽകിയിട്ടുള്ളത്. നിലവിൽ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ട ആറ് വിദ്യാർത്ഥിനികളെ സ്‌കൂൾ അധികൃതർ പ്രവേശിപ്പിച്ചിട്ടില്ല. ഹിജാബ് വിഷയം നിലവിൽ കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സ്കൂളുകളിൽ പ്രകടമായി മതസ്വഭാവം വെളിവാക്കുന്ന വസ്ത്രങ്ങൽ യൂണിഫോമിനൊപ്പം അനുവദിക്കാനാകില്ലെന്ന നിയമം കർണ്ണാടക പൊതുവിദ്യാഭ്യാസ വകുപ്പാണ് നടപ്പാക്കുന്നത്. എന്നാൽ വിദ്യാർത്ഥിനികൾ തലമറയ്‌ക്കുന്ന ഹിജാബ് ധരിക്കാനുള്ള ആവശ്യമുന്നയിച്ചതോടെയാണ് ഉഡുപ്പിയിലെ പിയു കോളേജിൽ വിഷയം രൂക്ഷമായത്. ഇതിന് പിന്നാലെ രാംദുർഗ്ഗ്, ബേലാഗാവി, ഹസ്സൻ, ചിക്കമംഗളൂരു, ശിവമോഗ, മൈസൂറു, കൽബുർഗി എന്നിവിടങ്ങളിലും ഇസ്ലാമത വിദ്യാർത്ഥിനികൾ സമാന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംസ്ഥാന വ്യാപകമായി വിഷയത്തെ ഇസ്ലാമിക മതമൗലികവാദ സംഘടകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അന്വേഷണം വ്യാപകമാക്കിയത്. വിഷയത്തിൽ ഹിന്ദുസംഘടനകൾ പ്രതിഷേധിക്കുകയാണ്. നിരവധി സ്‌കൂളുകളിൽ ഹിന്ദുവിദ്യാർത്ഥികൾ കാവി ഷാളുകൾ ധരിച്ച് ഹിജാബിനെതിരെ പ്രതിഷേധങ്ങളും തുടരുകയാണ്. ഇസ്ലാംമത മൗലികവാദികൾ സംസ്ഥാനത്ത് മതവിദ്വേഷം വളർത്തുകയാണെന്ന ശക്തമായ നിലപാടാണ് രഹസ്യാന്വേഷണ വകുപ്പും നൽകിയിട്ടുള്ളത്.