ന്യൂ ഡെൽഹി: ലുധിയാന കോടതിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സിഖ് സംഘടന നേതാവ് ജര്മ്മനിയില് പിടിയിൽ. സിഖ് ഫോർ ജസ്റ്റിസ് സംഘടനാ പ്രവർത്തകൻ ജസ്വിന്ദര് സിങ് മുൾട്ടാനിയാണ് പിടിയിലായത്. എസ്എഫ്ജെയുടെ മുതിർന്ന അംഗമായ ജർമ്മനിയിൽ താമസിക്കുന്ന ഗുർപത്വന്ത് സിംഗ് പന്നുവിന്റെ അടുത്ത അനുയായി ആണ് ജസ്വീന്ദർ സിംഗ് മുൾട്ടാനി.
പഞ്ചാബ് പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ നടത്തിയ നീക്കത്തിലാണ് മുൾട്ടാനി പിടിയിലായത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് മുൾട്ടാനി എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗൂഢാലോചന നടന്നത് ജയിലിൽ ആണെന്നും സൂചനയും ലഭിച്ചു. പാകിസ്ഥാനിൽ നിന്നും സ്ഫോടക വസ്തുക്കൾ ഇന്ത്യയിൽ എത്തിക്കാനും, ഡെൽഹിയിലും മുംബൈയിലും സ്ഫോടനം നടത്താനും പദ്ധതി ഇട്ടിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പഞ്ചാബ് പൊലീസ് സംഘം ജർമ്മനിയിലെത്തി ഇയാളെ ചോദ്യം ചെയ്യും.
പാകിസ്ഥാനിലും ജർമ്മനിയിലും താമസിക്കുന്ന നിരോധിത സിഖ് സംഘടനകളിൽപ്പെട് രണ്ട് പ്രതികളുടെ പേരുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പാകിസ്ഥാനിലുള്ള ബബ്ബർ ഖൽസ ഭീകരൻ ഹർവീന്ദർ സിംഗ് സന്ധു, ജസ്വീന്ദർ സിംഗ് മുൾട്ടാനി എന്നിവർക്ക് ലുധിയാന സ്ഫോടനത്തിൽ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ സൂചന നൽകിയിരുന്നു.
ലുധിയാന സ്ഫോടനക്കേസിൽ മുഖ്യപ്രതി ഗഗൻദീപ് സിങ്ങിനെ സഹായിച്ചവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാനാണ് ഇയാൾ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ശരീരത്തിൽ സ്ഫോടകവസ്തുക്കൾ കെട്ടിവെച്ചാണ് ഇയാൾ കോടതിക്കുള്ളിൽ കടന്നതെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിവെച്ച് ഫ്യൂസ് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ.