ന്യൂഡെൽഹി: സൈബർ ചാരപ്പണിയും ഹാക്കിങ്ങും നടത്തിയതിന്റെ പേരിൽ മെറ്റ (ഫെയ്സ്ബുക് മാതൃകമ്പനി) വിലക്കേർപ്പെടുത്തിയ ഏഴ് സ്ഥാപനങ്ങളിൽ ഡെൽഹിയിൽ നിന്നുള്ള കമ്പനിയും. ഫെയ്സ്ബുക്കിലൂടെ 100 രാജ്യങ്ങളിലെ അരലക്ഷത്തോളം പേരെ ഉന്നമിട്ടതിന്റെ പേരിലാണ് കമ്പനികൾക്കെതിരെ നടപടിയെടുത്തത്. പെഗസസ് നിർമിച്ച എൻഎസ്ഒ ഗ്രൂപ്പിനെതിരെയുള്ള നിയമയുദ്ധത്തിനു പിന്നാലെയാണു മെറ്റ മറ്റ് കമ്പനികൾക്കെതിരെ തിരിഞ്ഞത്.
ഡെൽഹിയിലെ ഷക്കൂർപുരിൽ ബെൽട്രോക്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 400 അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. ചൈന, ഇസ്രയേൽ, ഉത്തര മാസിഡോണിയ എന്നിവിടങ്ങളിലാണ് മറ്റ് 6 സ്ഥാപനങ്ങൾ. വാട്സാപ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയിലൂടെ ഈ കമ്പനികൾ പ്രവർത്തിപ്പിച്ച 1,500 അക്കൗണ്ടുകൾ നീക്കം ചെയ്തു.
ഇടപാടുകാർക്കു വേണ്ടി വ്യക്തികളെ ഉന്നമിട്ട് സ്വകാര്യ വിവരങ്ങൾ ചോർത്തലായിരുന്നു ബെൽട്രോക്സിന്റെ ദൗത്യം. 2013–19 ൽ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവെന്ന വ്യാജേന അക്കൗണ്ട് സൃഷ്ടിച്ചാണ് ഇരകളുമായി ഓൺലൈനായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചത്.
ഇതു കൂടാതെ മാധ്യമപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്ന പേരിലും പലരുമായും ബന്ധപ്പെട്ടു. ഇവരുടെ സ്വകാര്യവിവരങ്ങൾ ശേഖരിച്ച ശേഷം സൈബർ ആക്രമണം നടത്തി. സൗദി അറേബ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ബെൽട്രോക്സിന്റെ ആക്രമണത്തിന് ഇരയായി.
ഇക്കൊല്ലവും ഇവർ പല ഉന്നതരെയും ലക്ഷ്യമിട്ടെന്നു മെറ്റ കണ്ടെത്തി. വെബ് ഡവലപ്മെന്റ്, ഐടി സെക്യൂരിറ്റി കൗൺസലിങ്, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയെന്ന പേരിലാണ് ബെൽട്രോക്സ് അറിയപ്പെട്ടിരുന്നതെങ്കിലും ഹാക്കിങ്ങാണു പ്രധാന ജോലി. 7 വർഷത്തിനിടയിൽ 10,000 ഇമെയിൽ അക്കൗണ്ടുകളിൽ ബെൽട്രോക്സ് ചാരപ്പണി നടത്തിയെന്നാണു റിപ്പോർട്ടുകൾ.
കാനഡയിലെ സിറ്റിസൻ ലാബ് കഴിഞ്ഞ വർഷം ബെൽട്രോക്സിന്റെ കോർപറേറ്റ് ചാരപ്പണിയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. മാൽവെയർ അടങ്ങിയ ലിങ്കുകൾ (ഫിഷിങ്) ഇമെയിൽ വഴി അയച്ചായിരുന്നു ഹാക്കിങ്. യുഎസിലെ സ്വകാര്യ രഹസ്യാന്വേഷകർക്കു വേണ്ടിയും ബെൽട്രോക്സ് വിവരങ്ങൾ ചോർത്തി. സുമിത് ഗുപ്തയാണ് കമ്പനിയുടെ ഉടമ. ഇയാൾക്കെതിരെ യുഎസിലടക്കം കേസുകളുണ്ട്.