ന്യൂഡല്‍ഹി: നിയന്ത്രണം ലംഘിച്ച് മദ്യശാലയ്ക്ക് മുന്നിൽ തിക്കും തിരക്കുമായതോടെ ഡെല്‍ഹിയില്‍ മദ്യശാലയ്ക്ക് മുന്നില്‍ പോലീസ് ലാത്തിചാര്‍ജ്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുളള നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ ഇത് ലംഘിച്ചതിനാണ് ഡല്‍ഹിയിലെ കാശ്മേര ഗേറ്റില്‍ തടിച്ചൂകൂടിയ ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശിയത്.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നിശ്ചിത അകലം അനുസരിച്ച് വട്ടം വരച്ചിരുന്നു. ഇത് ലംഘിച്ച് ജനം കൂട്ടത്തോടെ മദ്യക്കടയ്ക്ക് മുന്നില്‍ ക്യൂ നിന്നതോയാണ് പൊലീസ് ലാത്തിവീശിയത്.
ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്ന ഇന്ന് എട്ടു സംസ്ഥാനങ്ങളിലാണ് മദ്യക്കടകള്‍ തുറന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യക്കടകള്‍ തുറന്നപ്പോള്‍ പലയിടത്തും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
30 ദിവസത്തിലേറെയായി മദ്യക്കടകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് മദ്യക്കടകള്‍ തുറന്നപ്പോള്‍ നീണ്ട ക്യൂ ആണ് ദൃശ്യമായത്. ഛത്തീസ്ഗഡ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ക്യൂ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.