ചെന്നൈ: കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടി ജനജീവിതം സാധാരണ നിലയിലായതോടെ യാത്രക്കാരെ വട്ടംചുറ്റിക്കാൻ റെയിൽവേ. പാസഞ്ചർ, മെമു ട്രെയിനുകൾ നിർത്തലാക്കി പകരം എക്സ്പ്രസ് ട്രെയിനുകളാക്കാനാണ് റെയിൽവേയുടെ തീരുമാനം. ട്രെയിനുകളുടെ സമയക്രമത്തിലോ സ്റ്റോപ്പുകളുടെ കാര്യത്തിലോ മാറ്റമില്ലാതെ കൊണ്ടുവരുന്നതാണ് പുതിയ ഭരണപരിഷ്കാരം. യാത്രാ നിരക്ക് കൂട്ടുക എന്ന അജണ്ടയല്ലാതെ മറ്റൊന്നും ഈ നീക്കത്തിന് പിന്നിലില്ലെന്ന ആക്ഷേപം ശക്തമാണ്.
യാത്രാനിരക്ക് കൂടുമെങ്കിലും തീവണ്ടികളിലെ സൗകര്യങ്ങളിൽ മാറ്റമൊന്നുമുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. റിസർവേഷനില്ലാത്ത കോച്ചുകളുമായി തന്നെയാവും എക്സ്പ്രസ് ബോർഡുവെച്ച ട്രെയിനുകളും സർവീസ് നടത്തുക. കൊറോണക്കാലത്ത് നിർത്തലാക്കിയ എല്ലാ പാസഞ്ചർ തീവണ്ടികളും ഇനിയും പൂർണമായി ആരംഭിച്ചിട്ടില്ല. പലവിഭാഗങ്ങൾക്കുമുള്ള യാത്രാ സൗജന്യങ്ങൾ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പാസഞ്ചർ, മെമു തീവണ്ടികളും എക്സ്‌പ്രസുകളാക്കാൻ തീരുമാനിച്ചത്.
തീവണ്ടികളിലെ നിരക്കുവർധന പ്രഖ്യാപിക്കാതെ തന്നെ വരുമാനവർധനയ്ക്കുള്ള മാർഗങ്ങളാണ് റെയിൽവേ നടപ്പാക്കുന്നത്. പാസഞ്ചർ തീവണ്ടികളുടെ സ്റ്റോപ്പുകളെല്ലാം നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം എല്ലാ പാസഞ്ചർ, മെമു വണ്ടികളും ഒരുമാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് നവംബർ ഒന്നിന് ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചിരുന്നെങ്കിലും മലബാർമേഖലയിൽ ഇനിയും എല്ലാ പാസഞ്ചർവണ്ടികളും ഓടിത്തുടങ്ങിയിട്ടില്ല.
ലോക്ഡൗൺ കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ എന്ന പേരിലായിരുന്നു ട്രെയിനുകൾ ഓടിയിരുന്നത്. ഓൺലൈൻ ബുക്കിംഗിന്റെ പേരിലും വലിയ കൊള്ളയാണ് റയിൽവെ നടത്തിയത്. ലോക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും ട്രെയിൻ സർവീസുകൾ പഴയപടിയാക്കാൻ റയിൽവേ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ് ബുധനാഴ്‌ച പുനഃരാരംഭിച്ചത് സ്പെഷ്യൽ ട്രെയിനായാണ്. ഇതുവഴി യാത്രക്കാരെ പിഴിയാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. പാസഞ്ചറിൽ 10 രൂപ ആയിരുന്ന മിനിമം ടിക്കറ്റ് നിരക്ക് സ്പെഷ്യൽ ട്രെയിനുകളിൽ 30 രൂപയാണ്.