ന്യൂഡെൽഹി: ഓരോ ശ്വാസത്തിലും രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ പടത്തലവനായിരുന്നു ജനറൽ ബിപിൻ റാവത്ത്. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവൻ. രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടം രാജ്യത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്.
യുദ്ധമുഖത്തെ കാര്ക്കശ്ശ്യക്കാരനായ പടത്തലവൻ. ഇന്ത്യൻ സൈന്യത്തിന്റെ ധീരമുഖമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റേത്. നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകര്‍ത്തെന്ന് കേട്ട് ഒരു പകലിൽ രാജ്യം അഭിമാനം കൊണ്ടു. ഉറിയിലെ ഭീകരാക്രമണത്തിന് 2016 സെപ്റ്റംബര്‍ 29ന് നൽകിയ ആ മറുപടിക്ക് ചുക്കാൻ പിടിക്കുമ്പോൾ ജനറൽ ബിപിൻ റാവത്ത് കരസേനയുടെ മേധാവിയായിരുന്നു.
ലെഫ് ജനറലായിരിക്കെ മ്യാൻമറിൽ നടത്തിയ മിന്നലാക്രമണത്തിനും റാവത്ത് നേതൃത്വം നൽകി. ശത്രുക്കൾക്ക് മുമ്പിൽ അങ്ങനെ മൂര്‍ച്ചയുള്ള ആയുധമായി രാജ്യത്തിന്റെ ഈ പടത്തലവൻ.
1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്റ് ലെഫ്നന്റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്റെ അതേ യൂണിറ്റിൽ നിന്നുതന്നെയായിരുന്നു റാവത്തിന്റെയും തുടക്കം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനൻ്റ്. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്.
പത്ത് വര്‍ഷം ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ് ജനറലായി. 2017 ജനുവരി 1ന് കരസേന മേധാവിയായി ചുമതലയേറ്റു. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം. കരസേന മേധാവിയിൽ നിന്ന് 2020 ജനുവരി 1ന് നാല് നക്ഷത്രങ്ങളുള്ള സംയുക്ത സേനയുടെ തലവൻ എന്ന പുതിയ പദവിയിലേക്ക്.
ജമ്മു കശ്മീരിലെ 370 അനുഛേദം റദ്ദാക്കിയ ശേഷം ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങൾ ശക്തമാക്കാൻ ജനറൽ റാവത്ത് നേതൃത്വം നൽകി. ഗൽവാൻ താഴ്വരയിലെ ചൈനയുടെ പ്രകോപനത്തെ ധീരമായി നേരിടാനും സൈന്യത്തെ പ്രാപ്തമാക്കി. പരംവിശിഷ്ട സേവാ മെഡൽ ഉൾപ്പടെ നിരവധി സൈനിക പുരസ്കാരങ്ങൾ റാവത്തിനെ തേടിയെത്തി. ഇന്ത്യൻ സൈന്യത്തിൽ വലിയ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്ന സമയത്താണ് റാവത്തിന്റെ വിയോഗം.
ഉത്തരാഖണ്ഡിലെ പൗഡിൽ 1948 മാര്‍ച്ച് 16നായിരുന്നു ബിപിൻ റാവത്തിന്റെ ജനനം. ദറാഡൂണിലെ കാബ്രിയാൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫൻസ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് അക്കാദമി, ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം.
മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടിയാണ് സൈനിക വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിന്റെ കാവൽക്കാരനായിലേക്കുള്ള യാത്ര. പ്രതിരോധ വിഭാഗത്തിൽ എംഫിലും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപൂര്‍വ്വം സേന തലവന്മാരിൽ ഒരാൾ കൂടിയായിരുന്നു റാവത്ത്.
ബിരുദം നേടിയ വെല്ലിംടണ്‍ കോളേജിലേക്കുള്ള യാത്രാമധ്യേ അന്ത്യം സംഭവിച്ചു എന്നത് യാദൃശ്ചികമായി. ഒപ്പം ഭാര്യ മാധുലിക റാവത്തിന്റെയും ദാരുണാന്ത്യം. പട്ടാളത്തിന്റെ ചട്ടക്കൂടുകൾക്ക് അപ്പുറത്ത് പലപ്പോഴും പ്രോട്ടോക്കോൾ മറികടന്ന് ഒരു സാധാരണക്കാരനായും ബിപിൻ റാവത്ത് മാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
കാര്‍ക്കശ്ശ്യത്തോടെ നീങ്ങുമ്പോഴും ഒപ്പമുള്ള ഓരോ പട്ടാളക്കാരനിലും വിശ്വാസ അര്‍പ്പിക്കാനും ആത്മധൈര്യം പകര്ന്നുനൽകാനും ശ്രമിച്ച രാജ്യം കണ്ട ഏറ്റവും മികച്ച ഒരു കാവൽക്കാരനെയാണ് നഷ്ടമായത്.