മീററ്റ്: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പത്താം ക്ലാസ് വിദ്യാർഥികളായ 17 പെൺകുട്ടികളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സ്കൂൾ മാനേജറായ യോഗേഷ് കുമാറാണ് അറസ്റ്റിലായത്. കേസിൽ മൊഴി നൽകാനായി ഇരകളായ രണ്ട് പെൺകുട്ടി പോലീസ് കോടതിയിൽ ഹാജരാക്കി. ഇതിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തി.
നവംബർ 17നാണ് കേസിന് ആസ്പദമായ സംഭവം. സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരുപറഞ്ഞാണ് വിദ്യാർഥിനികളെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയത്. പിറ്റേദിവസം മറ്റൊരു സ്കൂളിൽവെച്ച് പ്രാക്ടിക്കൽ പരീക്ഷയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പറഞ്ഞാണ് കുട്ടികളോട് സ്കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടത്. തുടർന്ന് രാത്രി സ്കൂളിൽ താമസിപ്പിക്കുകയും ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
അന്നുരാത്രി സ്കൂളിൽ തങ്ങിയ വിദ്യാർഥികൾ പിറ്റേദിവസമാണ് വീടുകളിൽ തിരിച്ചെത്തിയത്. രാത്രിയിൽ നടന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ സ്കൂൾ മാനേജർ ഉൾപ്പെടെ രണ്ട് പേർക്കെതിരേയാണ് മുസാഫർനഗർ പോലീസ് കേസെടുത്തിരുന്നത്.
സംഭവത്തിൽ തങ്ങളുടെ പരാതി അവഗണിച്ചുവെന്നും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പുർകാസി പോലീസ് വീഴ്ചവരുത്തിയെന്നും ഇരകളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല നടപടി ആരംഭിക്കുകയും ചെയ്തിരുന്നു.