ന്യൂ ഡെൽഹി: ഈ മാസം 15 മുതൽ വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാൻ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതല അവലോകനയോഗത്തിൽ അദ്ദേഹം തന്നെയാണ് സിവിൽ വ്യോമയാന മന്ത്രാലയത്തോട് വിദേശ സർവീസുകൾ പുനഃരാരംഭിക്കുന്നത് പരിശോധിക്കാൻ നിർദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
വിമാനസർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സർവീസുകൾ നിർത്തിവെക്കാൻ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബർ 15ന് സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവാണ് സിവിൽ വ്യോമയാന മന്ത്രാലയം ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സർവീസുകൾ പുനഃരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ടിക്കറ്റ് എടുത്തിരുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം ഇവർക്ക് തിരിച്ചടിയാണ്.
ഡൽഹിയിലെത്തിയ നാല് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ നാല് പേരും ഔമൈക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇതോടെയാണ് പ്രതിരോധ നടപടികൾ കർശനമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. കൊറോണയുടെ ഇതുവരെയുള്ളതിൽ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വകഭേദം. രണ്ട് ഡോസ് വാക്സിനെടുത്താലും പ്രതിരോധശേഷിയെ ഭേദിക്കാൻ ഒമിക്രോൺ വകഭേദത്തിന് കഴിയും എന്നതാണ് ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നത്.