ന്യൂഡെൽഹി∙ 12345 അല്ലെങ്കിൽ 123456. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പാസ്‌വേഡുകളുടെ പട്ടികയിൽ എല്ലാ വർഷവും ഇവ രണ്ടുമായിരുന്നു ആദ്യ സ്ഥാനങ്ങളിൽ. ഈ വർഷം പതിവു തെറ്റിച്ച് ഏറ്റവും പ്രചാരമുള്ള പാസ്‌വേഡ് ആയത് ‘പാസ്‌വേഡ്’ തന്നെയാണ്.
പാസ്‌വേഡ് മാനേജർ സേവനമായ നോഡ്‍പാസ്, 50 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ പാസ്‍വേഡ് ഡേറ്റ വിശകലനം ചെയ്താണു പ്രചാരമുള്ളവ കണ്ടെത്തിയത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പാസ്‌വേഡുകളിൽ ‘ഇന്ത്യ123’ ഒഴികെയുള്ളവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ ഭേദിക്കാൻ കഴിയുമെന്നും കമ്പനി അറിയിച്ചു.
123456 ആണ് ലോകത്ത് ഏറ്റവും പ്രചാരമുള്ള പാസ്‌വേഡ്. സൈബർ ആക്രമണങ്ങളും ഡേറ്റ ചോർച്ചയും വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കരുത്തുള്ള പാസ്‌വേഡുകൾ ആവശ്യമായിരിക്കെ ആളുകൾ ദുർബലമായ പാസ്‍വേഡുകൾ വ്യാപകമായി തിരഞ്ഞെടുക്കുന്നത് സൈബർ സുരക്ഷയ്ക്കു വെല്ലുവിളിയാണെന്നു നോഡ്‌പാസ് സിഇഒ ജോനാസ് കാർക്‌ലിസ് പറഞ്ഞു.