നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി പൊട്ടിക്കരഞ്ഞ് ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭയിൽ നിന്ന് ഇറങ്ങി പോയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തി പൊട്ടിക്കരഞ്ഞ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു.

തന്റെ ഭാര്യക്കെതിരെ വൈഎസ്ആർ കോൺഗ്രസ് എംഎൽഎമാർ നിന്ദ്യമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നായിഡുവിന്റെ പൊട്ടിക്കരച്ചിൽ.

‘കഴിഞ്ഞ രണ്ടര വർഷമായി, ഞാൻ അപമാനങ്ങൾ സഹിക്കുകയാണ്. എന്നാൽ ശാന്തനായി നിൽക്കുകയായിരുന്നു. ഇന്ന് അവർ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഞാൻ എല്ലായ്പ്പോഴും ബഹുമാനത്തോടെയാണ് എന്റെ ഭാര്യക്കൊപ്പം ജീവിക്കുന്നത്. ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല. എനിക്ക് വലിയ വിഷമമുണ്ട്’ ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇന്ന് രാവിലെ നിയമസഭ ചേർന്നപ്പോൾ വൈഎസ്ആർ കോൺഗ്രസ്-ടിഡിപി സാമാജികർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തനിക്കും ഭാര്യക്കും നേരെയുണ്ടായ വ്യക്തിപരമായ പരാമർശങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി നൽകാൻ തന്നെ അനുവദിച്ചില്ലെന്ന് നായിഡു പറഞ്ഞു. ചന്ദ്രബാബു നായിഡു സംസാരിച്ചുകൊണ്ടിരിക്കെ സ്പീക്കർ മൈക്ക് ഓഫാക്കിയത് വലിയ ബഹളത്തിനിടയാക്കിയിരുന്നു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചർച്ചയക്കിടെയായിരുന്നു സംഭവങ്ങൾ. സംസാരിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ നാടകീയ പ്രഖ്യാപനം നടത്തിയാണ് ചന്ദ്രബാബു നായിഡു സഭയിൽ നിന്ന് ഇറങ്ങി പോയത്. നിയമസഭയ്ക്കുള്ളിൽ തന്നെ അപമാനിച്ച സാഹചര്യത്തിൽ അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ ഇനി സഭയിലേക്ക് കയറില്ലെന്നായിരുന്നു പ്രഖ്യാപനം.

2012 സമാനമായ പ്രഖ്യാപനം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയും നടത്തിയിരുന്നു. അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ നിയമസഭയിലേക്ക് ജയലളിത പ്രവേശിച്ചിരുന്നില്ല.

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയായ ചിറ്റൂരിൽ നായിഡുവിന്റെ ടിഡിപിക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടിവന്നിരുന്നു. കുപ്പം നഗരസഭയിലെ 25-ൽ 19 വാർഡുകളും വൈ.എസ്.ആർ കോൺഗ്രസാണ് ജയിച്ചത്. ആദ്യമായിട്ടാണ് ഈ മേഖലയിൽ ടിഡിപിക്ക് തിരിച്ചടിയേൽക്കുന്നത്.