ന്യൂഡെൽഹി: സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തലവന്മാരുടെ കാലാവധി അഞ്ചു വർഷത്തേക്ക് നീട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര സുപ്രീം കോടതിയിലേക്ക്. അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയ്ക്കെതിരായ ആക്രമണമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് തൃണമൂൽ എംപി ആരോപിക്കുന്നു.
കേന്ദ്ര ഓർഡിനൻസുകൾ സിബിഐയുടെയും ഇഡിയുടെയും സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ആക്രമിക്കുന്നതാണ്. സർക്കാരിന്റെ മുൻഗണനകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നവരെ തെരഞ്ഞെടുക്കാനും അവരുടെ കാലാവധി നീട്ടിനൽകാനുമായി കേന്ദ്രത്തിന് “അനിയന്ത്രിതമായ വിവേചനാധികാരം ഈ ഓർഡിനൻസിലൂടെ ലഭിക്കുന്നതായും മഹുവ ഹർജിയിൽ പറയുന്നു.
പൊതുതാൽര്യം മുൻനിർത്തി സിബിഐ, ഇഡി മേധാവിമാരുടെ കാലാവധി നീട്ടിനൽകുന്നതിലൂടെ ഇവരെ ഫലപ്രദമായി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്നതാണ് ഓർഡിനൻസ്. നീതിയുക്തമായ അന്വേഷണത്തിന്റെയും ന്യായയുക്തമായ വിചാരണയുടേയും തത്വങ്ങളെ ലംഘിക്കുന്നതാണ് ഓർഡിനൻസെന്നും മഹുവ ചൂണ്ടിക്കാട്ടുന്നു.
പുതുതായി പുറത്തിറക്കിയ ഓർഡിനൻസ് പ്രകാരം സിബിഐ, ഇഡി തലവന്മാർക്ക് പുറമേ പ്രതിരോധ മേധാവി, ആഭ്യന്തര വകുപ്പ് മേധാവി, ഇന്റലിജൻസ് ബ്യൂറോ തലവൻ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ തലവൻ എന്നിവരുടെ കാലാവധി നീട്ടി നൽകുന്നതിനും കേന്ദ്രസർക്കാരിന് അധികാരമുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവൻ സഞ്ജയ് കുമാർ മിശ്രയുടെ ഔദ്യോഗിക കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രം നീട്ടിയിരുന്നു. സിബിഐ, ഇഡി തലവന്മാരുടെ കാലാവധി അഞ്ചു വർഷത്തേക്ക് നീട്ടുന്നതിനായി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
2018 നവംബറിൽ നിയമിതനായ മിശ്രയുടെ കാലാവധി കഴിഞ്ഞ വർഷം നവംബറിൽ അവസാനിക്കാനിരുന്ന സാഹചര്യത്തിൽ ഇതിനു മുൻപും ഒരു വർ ഷത്തേക്ക് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം മിശ്രയ്ക്ക് 2022 നവംബർ 18 വരെ എൻഫോഴ്സ്മെന്റ് തലവനായി തുടരാം.
മിശ്ര തന്റെ യജമാനന്മാർക്ക് വേണ്ടി ചെയ്യുന്ന എന്ത് വൃത്തികെട്ട ജോലിയാണ് അയാളെ ഒഴിച്ചുകൂടാനാവാത്തവനാക്കിയതെന്ന് മഹുവ ചോദിച്ചു. മിശ്രയുടെ കാലാവധി നീട്ടരുതെന്ന് ഉന്നത നീതിപീഠം നിർദേശിച്ചിട്ടുപോലും കേന്ദ്രം ഓർഡിനൻസ് ഉപയോഗിച്ചെന്നും മഹുവ പറഞ്ഞു.