പ്രീ വെഡ്ഡിങ്​ ഷൂട്ടിങ്ങിനിടെ ​ഡാം തുറന്നു; പ്രതിശ്രുത വധൂവരന്‍മാന്‍ പാറയില്‍ കുടുങ്ങി

ന്യൂഡെല്‍ഹി: മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന്​ സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും ​പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്​ഥാനിലാണ്​ സംഭവം.

ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന്​ സമീപമായിരുന്നു ​ ഫോട്ടോഷൂട്ട്​. ഫോ​ട്ടോഷൂട്ട്​ തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ്​ ഉയരുമെന്ന്​ മുന്നറിയിപ്പ്​ നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന്​ ഫോ​ട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍ നിന്ന്​ മാറിയെങ്കിലും അ​ദ്ദേഹത്തിന്‍റെ കാമറ വെള്ളത്തില്‍ നഷ്​ടമായി.

ചൊവ്വാഴ്ച രാവിലെയാണ്​ റാണ പ്രതാപ്​ സാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെന്ന്​ എസ്​.എച്ച്‌​.ഒ രാജാറാം ഗുര്‍ജാര്‍ പറഞ്ഞു. അതിന്‍റെ ഫലമായി ചുലിയ വെള്ളച്ചാട്ടത്തില്‍ വെള്ളം ഉയര്‍ന്നു. അതേസമയം 29കാരനായ ആശിഷ്​ ഗുപ്​തയും 27കാരിയായ ശിഖയും പ്രീ വെഡ്ഡിങ്​ ഷൂട്ടിനായി പാറയുടെ മുകളിലായിരുന്നു. സുഹൃത്തുക്കളായ ഹിമാന്‍ഷുവും മിലാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം ഇവര്‍ നിന്നിരുന്ന പാറയുടെ സമീപം വെള്ളം ഉയരുകയായിരുന്നു.

ഇവര്‍ക്ക്​ പാറയില്‍ നിന്ന്​ കരയിലേക്ക്​ വരാന്‍ സാധിച്ചില്ല. തുടര്‍ന്ന്​ ​പൊലീസും സുരക്ഷ സേനയും മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഇവരെ കരക്കെത്തിക്കുകയായിരുന്നു.