പൂനീതിനെപ്പോലെ കണ്ണ് ദാനം ചെയ്യണം; ആരാധകന്‍ ജീവനൊടുക്കി; മരണം ആറായി

ബെം​ഗളൂരു: അന്തരിച്ച കന്നഡ നടന്‍ പു‌നീത് രാജ്കുമാറിനെപ്പോലെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടശേഷം ആരാധകന്‍ ജീവനൊടുക്കി. ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ കണ്ണുകള്‍ ദാനം ചെയ്തു.

ഇതോടെ പുനീതിന്റെ മരണത്തില്‍ മനംനൊന്തു മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേര്‍ ജീവനൊടുക്കുകയും മൂന്ന് പേര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാര്‍ (46) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. പുനീതിന്റെ കണ്ണുകള്‍ ലഭിച്ച നാലുപേരും കര്‍ണാടക സ്വദേശികളായ യുവാക്കളാണെന്നും ഡോക്ടര്‍ അറിയിച്ചു.