മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ. 12 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലുകൾക്കുശേഷം ഇന്ന് പുലർച്ചെയാണ് ഇഡി അനിൽ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുതിർന്ന എൻസിപി നേതാവായ അനിൽ ദേശ്മുഖ് അഴിമതി ആരോപണത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. നേരത്തെ പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ഹാജരായിരുന്നില്ല.
ആഭ്യന്തരമന്ത്രിയായിരിക്കെ പോലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗാണു ദേശ്മുഖിനെതിരേ ആരോപണങ്ങൾ ഉയർത്തിയത്.
ബാറുകളിൽനിന്നും റെസ്റ്റോറന്റുകളിൽനിന്നുമായി 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.