ഗസിയാബാദ്: നവംബര്‍ 26നുള്ളില്‍ വിവാദമായ കാര്‍ഷിക നിയമം കേന്ദ്രം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായിത് പ്രഖ്യാപിച്ചു. ഡെല്‍ഹി അതിര്‍ത്തികളായ സിംഗു, ടിക്രി, ഗസിപൂര്‍ എന്നിവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന് നവംബര്‍ 26ന് ഒരു വര്‍ഷം തികയും.
കര്‍ഷക കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ്( എസ് കെ എം) പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഡെല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരില്‍ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാന്‍ യൂണിയനും എസ് കെ എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരത്തോളം കര്‍ഷകരാണ് നവംബര്‍ 2020 മുതല്‍ ഡെല്‍ഹിയുടെ അതിര്‍ത്തികളിലായി സമരം ചെയ്തുവരുന്നത്. ഇതിനോടകം കര്‍ഷകരുമായി പതിനൊന്ന് പ്രാവശ്യം കേന്ദ്രം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.