ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ് രംഗത്ത്. സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രകടന പത്രികയില്‍ സൗജന്യ പാചക വാതക സിലിണ്ടറും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഉള്‍പ്പെടുത്തുമെന്നും പ്രിയങ്ക വാഗ്ദാനം നൽകി.
‘എന്‍റെ പ്രിയപ്പെട്ട ഉത്തര്‍പ്രദേശിലെ സഹോദരിമാരെ, നിങ്ങളുടെ എല്ലാ ദിവസവും പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. ഇത് മനസിലാക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകള്‍ക്കായി ഒരു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും’, പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
‘കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സ്ത്രീകള്‍ക്ക് വര്‍ഷം തോറും സൗജന്യമായി നല്‍കും. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും’, പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
അതേസമയം, അംഗന്‍വാടി, ആശ പ്രവര്‍ത്തകര്‍ക്ക് 10,000 രൂപ ഹോണറേറിയം, റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വയോധികരായ വിധവകള്‍ക്ക് 1000 രൂപ പെന്‍ഷന്‍, സംസ്ഥാനത്തെ ധീര വനിതകളുടെ പേരില്‍ 75ഓളം നൈപുണ്യ സ്കൂള്‍ എന്നിവയും കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.