ആര്യൻ ഖാന് ജാമ്യം ലഭിക്കാന്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടത് ജൂഹി ചൗള; ജാമ്യനടപടികൾ വൈകി; ആര്യന്‍ ഖാന്‍ ഇന്നും ജയിലിൽ തന്നെ

മുംബൈ: ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നടി ജൂഹി ചൗള. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ചൗള ബോണ്ട് ഒപ്പിട്ടു നല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള. ജൂഹി ചൗളയ്ക്ക് ആര്യനെ ചെറുപ്പക്കാലം മുതല്‍ അറിയാമെന്നും അതിനാലാണ് ആര്യന് വേണ്ടി ഒപ്പിടുന്നതെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. ജൂഹിയും ഷാരൂഖും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും ഇരുവര്‍ക്കും സഹപങ്കാളിത്തമുണ്ട്.

ആഢംബരകപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 21 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഢംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അതേസമയം ആര്യന്‍ഖാന്‍ ഇന്നും ജയിലില്‍ തുടരണം. ജാമ്യം ലഭിച്ചതിന്റെ രേഖകള്‍ കൃത്യസമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാതിരുന്നതാണ് കാരണം. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരക്കുള്ളിൽ ജാമ്യനടപടികൾ പൂർത്തിയാക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം. ശനിയാഴ്ച രാവിലെ ആര്യൻ ജയിൽ മോചിതനാകുമെന്ന് ആർതർ റോഡ് ജയിൽ അധികൃതർ അറിയിച്ചു.

ജയിൽ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളിൽ ജയിലിന് പുറത്തെ ബെയിൽ ബോക്സിൽ ലഭിച്ചാൽ മാത്രമേ ജാമ്യം ലഭിച്ചവർക്ക് അന്നുതന്നെ പുറത്തിറങ്ങാൻ സാധിക്കു. ഇതിനായി ആര്യന്റെ അഭിഭാഷകർ തീവ്രശ്രമം നടത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാലാണ് ജയിൽ മോചനം നീണ്ടത്. ഇതോടെ ഒരുരാത്രികൂടി ആര്യൻ ജയിലിനുള്ളിൽ തന്നെ കഴിയും. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൻമുൺ ധമേച്ച എന്നിവരും ശനിയാഴ്ച ജയിൽ മോചിതരാകും.

വ്യാഴാഴ്ചയാണ് ആര്യന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യ ഉത്തരവിന്റെ പകർപ്പ് ആര്യന്റെ അഭിഭാഷകർക്ക് ലഭിച്ചത്. ഇത് പ്രത്യേക ആന്റി-നാർക്കോട്ടിക് കോടതിയിൽ സമർപ്പിച്ച ശേഷം ലഭിക്കുന്ന റിലീസ് ഓർഡറാണ് ആർതർ റോഡ് ജയിലിൽ നൽകേണ്ടിയിരുന്നത്. ഇത് എത്തിക്കാൻ വൈകിയതു മൂലമാണ് ആര്യൻ്റെ മോചനം ഇന്നും ഉണ്ടാവാതിരുന്നത്.