ന്യൂഡെൽഹി: ലോക് ഡൗൺ മൂലം നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ മെയ് പകുതിയോടു കൂടി പുനരാംഭിക്കുന്നതിനുള്ള നിർദേശങ്ങൾ വിമാനത്താവളങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നൽകി. എന്നാൽ മൂന്നിലൊന്ന് സീറ്റുകളിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. അന്താരാഷ്ട്ര വിമാനസർവീസുകളുടെ 30 ശതമാനം മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളത്തിൽ ഒരു ടെർമിനൽ മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കാൻ അനുവദിക്കൂ.
സാമൂഹിക അകലം പാലിച്ചായിരിക്കണം ലെഗേജ് കൺവെയർ ബെൽറ്റുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കാനെന്നും ഡിജിസിഎ നിര്‍ദേശിച്ചു. വിമാനത്താവളത്തിന് ഉള്ളിലെ ഭക്ഷണശാലകൾ തുറന്നു പ്രവർത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. ചായ, കാപ്പി എന്നിവയ്ക്ക് പുറമെ ലഘുഭക്ഷണം പാർസൽ ആയി കൊണ്ടുപോകാൻ യാത്രക്കാരെ അനുവദിക്കും.
അതേസമയം പ്രാദേശിക സർക്കാരിന്റെ അനുമതി ഇല്ലാതെ വിമാനത്താവളങ്ങളിലെ മദ്യ വിൽപ്പനകേന്ദ്രങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയില്ലെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യത്തെ മെട്രോ നഗരങ്ങളിലെയും ചില സംസ്ഥാന തലസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങൾക്ക് മാത്രമേ പ്രവർത്തന അനുമതി നൽകുകയുള്ളൂ.