ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 52 ആയതായി റിപ്പോര്‍ട്ട്. പത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ എണ്ണായിരത്തോളം പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിലാണ് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രദേശത്ത് മാത്രമായി 28 പേര് മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വ്യോമ നിരീക്ഷണം നടത്തും. ഇതിനായി മന്ത്രി ഇന്നലെ രാത്രിയോടെ ഡെറാഡൂണില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തുകയും സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാരിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചിരുന്നു.
വടക്കന്‍ ബംഗാളിലും മണ്ണിടിച്ചില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. ഡാര്‍ജിലിംഗ് കാലിംപോങ്ങ്, ജല്‍പായ്ഗുരി, അലിപൂര്‍ധര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.