മുംബൈ: ലഹരികേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റിന് കാരണമായത് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥന്റെ പ്രതികാര നടപടിയാണെന്ന് ശിവസേന നേതാവ് കിഷോര്‍ തിവാരി. മഹാരാഷ്‌ട്രയിലെ കാര്‍ഷിക ആക്‌ടിവിസ്‌റ്റും മന്ത്രിയുമാണ് തിവാരി. എന്‍സിബി ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് ബോളിവുഡില്‍ അരങ്ങേറ്റത്തിന് സാധിക്കാത്തതിന്റെ പ്രതികാരമാണ് സംഭവമെന്നും വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നുമാണ് തിവാരി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വാദം.
കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആര്യന്‍ ഖാനെയും മറ്റ് ഏഴുപേരെയും എന്‍സിബി അറസ്‌റ്റ് ചെയ്‌തതെന്നാണ് മഹാരാഷ്‌ട്ര ഭരിക്കുന്ന ശിവസേനയും എന്‍സിപിയും ആരോപിക്കുന്നത്. സിനിമാ താരങ്ങളെയും ഫാഷന്‍ മോഡലുകളെയും ലക്ഷ്യമിടുന്ന വൃത്തികെട്ട നയമാണ് എന്‍സിബിയ്‌ക്കെന്നും ആര്യന്‍ ഖാന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഇടപെടണമെന്നുമാണ് കിഷോര്‍ തിവാരി ആവശ്യപ്പെടുന്നത്.
ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായാണ് ആര്യനെ കഴിഞ്ഞ 17 ദിവസങ്ങളായി ജയിലിലടച്ചിരിക്കുന്നതെന്നാണ് തിവാരിയുടെ വാദം. സെലിബ്രിറ്റികളെ പിടികൂടാന്‍ മാത്രമാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് താത്പര്യമെന്ന് മുന്‍പ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
മുംബയിലെ കപ്പലിലെ ലഹരിപാര്‍ട്ടിസ്ഥലത്ത് നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് 20 പേരെയാണ് എന്‍സിബി അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാന്‍ അറസ്‌റ്റിലായത്. എന്നാല്‍ ശിവസേനയുടെ ഈ നീക്കത്തെ മഹാരാഷ്‌ട്ര ബിജെപി ശക്തമായി എതിര്‍ക്കുകയാണ്. ആര്യന്‍ ഖാനെതിരെയല്ല മയക്കുമരുന്ന് മാഫിയയ്‌ക്കെതിരാണ് തങ്ങളെന്ന് ബിജെപി നേതാവ് റാം കദം വ്യക്തമാക്കി.