ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും.
പൊതുപ്രധാന്യം കണക്കിലെടുത്ത് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനേഷ് കുമാറിന്റെ ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റീസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്നലെ പുറത്തുവന്ന എഫ് ഐ ആറില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്. മന്ത്രി അജയ് മിശ്രയും മകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു.
മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയേയും മകനേയും ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആശിഷ് മിശ്രയുടെ പങ്ക് വെളിവാക്കും വിധത്തില്‍ വാഹനം കര്‍ഷകര്‍ക്ക് മേല്‍ ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.